സിമി ഭീകരരെ കണ്ടെത്തുന്നതും വെടിവെച്ചു കൊല്ലുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
നിരായുധരായ ഭീകരരെയാണ് പോലീസ് കൊലപ്പെടുത്തുന്നതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്.
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ സിമി ഭീകരരെ പോലീസ് കണ്ടെത്തുന്നതും വെടിവെക്കുന്നതുമായ ദൃശ്യം പുറത്ത്. നിരായുധരായ ഭീകരരെയാണ് പോലീസ് കൊലപ്പെടുത്തുന്നതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. രക്ഷപ്പെട്ടവര്‍ ഒരു പാറത്തുറത്ത് കയറി നില്‍ക്കുന്നതും പോലീസ് അവരെ വളയുന്നതും ദൃശ്യത്തിലുണ്ട്.
അഞ്ചുപേരാണ് പാറത്തുറത്ത് കയറി നില്‍ക്കുന്നത് മറ്റു മൂന്നുപേര്‍ ദൃശ്യത്തില്‍ കാണുന്നില്ല. മൂന്ന് പേര്‍ ചുറ്റുവട്ടത്തുണ്ടെന്നും അവരെ വളയണമെന്നും വയര്‍ലസില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വെടിവെച്ച് കൊല്ലപ്പെട്ട ഭീകരന്റെ അരയില്‍ നിന്നും കത്തിപോലുള്ള വസ്തു കണ്ടെടുക്കുന്നതും വീഡിയോയില്‍ കാണാം.

പോലീസുമായി ആശയവിനിമയം നടത്തുന്ന ഭീകരരെ കീഴടങ്ങാന്‍ അനുവദിക്കാതെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. രണ്ടു വീഡിയോകളാണ് പുറത്തുവന്നത്. ഒന്നില്‍ ഭീകരര്‍ പാറപ്പുറത്ത് കയറി നില്‍ക്കുന്നതും മറ്റൊന്നില്‍ ഭീകരരെ വെടിവെച്ചു കൊല്ലുന്നതും പരിശോധിക്കുന്നതുമാണ്. അതേസമയം, ഭീകരരെ ഏറ്റുമുട്ടലിലാണ് വധിച്ചതെന്നാണ് പോലീസിന്റെ അവകാശവാദം.
തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് ഭീകരരില്‍ നിന്നും കണ്ടെടുത്തെന്നും പോലീസ് പറയുന്നു. ഭീകരര്‍ വെടിവെച്ചെന്നും പോലീസ് തിരിച്ചു വെടിവെച്ചുന്നും ഐജി യോഗേഷ് ചൗധരി പറഞ്ഞു. പുറത്തുവന്ന വീഡിയോ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭീകരരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ദൂരൂഹതയാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. വരും ദിവസങ്ങളില്‍ സംഭവം വന്‍ വിവാദത്തിന് വഴിവെച്ചേക്കും.












Click it and Unblock the Notifications