വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌ക്ക് 615 കോടിയുടെ സ്വത്തുണ്ട് എന്നാണ് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത്രയും സ്വത്തുള്ള വിജയ് തന്നെയായിരിക്കും തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി എന്നാകും ഇതോടെ പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ തെറ്റി.,തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികയായ സ്ഥാനാർത്ഥി ലാൽഗുഡി മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. പ്രതിനിധി ലീമ റോസാണ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ റോസിന്റെ കുടുംബത്തിന്റെ മൊത്തം ആസ്തി 5,000 കോടിക്ക് മുകളിലാണ്.
തിരഞ്ഞെടുപ്പിന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ലീമയ്ക്ക് 139.62 കോടിയുടെ ജംഗമ ആസ്തിയും (സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ), 909.94 കോടിയുടെ സ്ഥാവര സ്വത്തുക്കളും (ഭൂമി, കെട്ടിടങ്ങൾ) ഉണ്ട്. ഇതോടെ ലീമ റോസിന്റെ ആകെ സ്വത്ത് 1,049.56 കോടിയാണ്. എന്നാൽ, കുടുംബത്തിന്റെ മൊത്തം സമ്പത്തിന്റെ വലിയൊരു പങ്കും ലീമ റോസിന്റെ ഭർത്താവ് സാന്റിയാഗോ മാർട്ടിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ മാത്രം ജംഗമ ആസ്തി 3,262.01 കോടിയാണ്.

കുടുംബാഗങ്ങളുടെ മൊത്തം ആസ്തി ഇങ്ങനെ- ലീമ റോസ്: 1,049.56 കോടി, സാന്റിയാഗോ മാർട്ടിൻ: 4,149.37 കോടി, മകൻ ജോസ് ഡൈസൺ മാർട്ടിൻ: 664.77 കോടി. ഇത് മൊത്തത്തിൽ 5,000 കോടി കടക്കും. 2024-25 സാമ്പത്തിക വർഷത്തിൽ കുടുംബത്തിൻ്റെ വരുമാനം ഉയർന്നു. ലീമ റോസ് 9.82 കോടി വരുമാനം പ്രഖ്യാപിച്ചപ്പോൾ, മകൻ ജോസ് ഡൈസൺ മാർട്ടിൻ 19.56 കോടി വാർഷിക വരുമാനം നേടി. 1967-ൽ ദേവക്കോട്ടയിൽ ജനിച്ച ലീമ റോസ്, "ലോട്ടറി റാണി" എന്നാണ് അറിയപ്പെടുന്നത്. റോസിന്റെ യോഗ്യത ആറാം ക്ലാസ് മാത്രമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അതിശയിപ്പിക്കുന്ന സാമ്പത്തിക കണക്കുകൾക്കപ്പുറം മാർട്ടിൻ കുടുംബത്തിന്റെ സ്ഥാനാർത്ഥിത്വവും വളരെ ശ്രദ്ധേയമാണ്. ഈ വർഷമാണ് ലീമ റോസ് എ ഐ എ ഡി എം കെയിലേക്ക് ചേക്കേറിയത്. മുമ്പ് മകൻ ജോസ് ചാൾസ് നയിച്ച ലക്ഷ്യ ജനനായക കക്ഷി (എൽ.ജെ.കെ) യിൽ പ്രവർത്തിച്ചിരുന്ന ലീമ റോസ് അതൃപ്തിയെത്തുടർന്ന് പാർട്ടി വിടുകയായിരുന്നു. പിന്നാലെ ഫെബ്രുവരിയിൽ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമി റോസിനെ വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
അതേസമയം ലീമയുടെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽ.ജെ.കെ ശക്തമായി തന്നെ തിരഞ്ഞെടുപ്പ് ഗോധയിലുണ്ട്, തമിഴ്നാട്ടിലല്ല മറിച്ച് പുതുച്ചേരിയിലാണെന്ന് മാത്രം. മരുമകൻ ആദവ് അർജുന, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറിയാണ്. അതായത് മൂന്ന് പ്രമുഖ കക്ഷികളിൽ മാർട്ടിൻ കുടുംബത്തിന് സ്വാധീനമുണ്ടെന്ന് സാരം. തിരുച്ചിറപ്പള്ളിയിലാണ് ലീമ മത്സരിക്കുന്നത്.












Click it and Unblock the Notifications