വിജയ് നീലങ്കരയില്‍ വോട്ട് ചെയ്യും; തൃഷയുടെ വോട്ട് അഭിരാമപുരത്ത്, അജിത്തിനും ഖുശ്ബുവിനും വോട്ട് ഇവിടെ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. വാശിയേറിയ പരസ്യ പ്രചാരണത്തിന് ശേഷം ഇന്ന് നിശബ്ദമായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. ചതുഷ്‌കോണ മല്‍സരമാണ് തമിഴ്‌നാട്ടില്‍ ഇത്തവണ നടക്കുന്നത് എന്നതാണ് പ്രത്യേകത. ഡിഎംകെ, അണ്ണാഡിഎംകെ എന്നിവര്‍ നയിക്കുന്ന സഖ്യങ്ങള്‍ക്ക് പുറമെ വിജയ് നയിക്കുന്ന ടിവികെ, സീമാന്‍ നയിക്കുന്ന എന്‍ടികെ എന്നീ പാര്‍ട്ടികള്‍ തനിച്ച് മല്‍സരിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു തമിഴ്‌നാട്ടിലെ സഖ്യവും പ്രചാരണങ്ങളും. കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗും എസ്ഡിപിഐയുമെല്ലാം അതിര്‍ത്തി കടന്നാല്‍ ഒറ്റ ശരീരം പോലെയാണ്. എല്ലാ കക്ഷികളും ഡിഎംകെ നയിക്കുന്ന പുരോഗമന സഖ്യത്തിലാണ്. ബിജെപിയും പുതിയ നീതി പാര്‍ട്ടിയും അണ്ണാഡിഎംകെ സഖ്യത്തിലും.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ വ്യത്യസ്തമാകുന്നത് വിജയുടെ സാന്നിധ്യത്തോടെയാണ്. നടന്‍ വിജയ് ടിവികെ എന്ന പാര്‍ട്ടി രണ്ടു വര്‍ഷം മുമ്പാണ് രൂപീകരിച്ചത്. പാര്‍ട്ടി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ്. വിജയ് രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു എന്ന പ്രത്യേകതയുമുണ്ട്.
പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുന്നതെങ്കിലും അദ്ദേഹത്തിന് വോട്ടുള്ളത് ചെന്നൈയിലെ നീലങ്കരയിലാണ്. കസോറിയ ഡ്രൈവ് മേഖലയിലാണ് വിജയുടെ വീട്. നീലങ്കരയിലെ ബൂത്തില്‍ വിജയ് വോട്ട് ചെയ്യും. കഴിഞ്ഞ തവണ അദ്ദേഹം സൈക്കിളില്‍ ആയിരുന്നു വോട്ട് ചെയ്യാന്‍ എത്തിയത്. ഇത്തവണ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എന്തു വ്യത്യസ്തതയാണ് വിജയ് കാത്തുവച്ചിരിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും തൃഷ സജീവ ചര്‍ച്ചയില്‍
വിജയ്‌ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് നടി തൃഷയുടെത്. അവര്‍ രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയുമായി അടുപ്പമുള്ള വ്യക്തി എന്ന നിലയിലാണ് ചര്‍ച്ചയായത്. വിജയുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
തൃഷ എവിടെ വോട്ട് ചെയ്യുമെന്നുള്ളതും വ്യാഴാഴ്ച ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ചെന്നൈയിലെ അഭിരാമപുരത്തെ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ മിഡില്‍ സ്‌കൂളിലാണ് തൃഷയ്ക്ക് വോട്ട്. നടന്‍ അജിത്തിന് വോട്ടുള്ളത് ചെന്നൈയിലെ തിരുവണ്‍മിയൂരിലാണ്. അടുത്തിടെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ താരം വ്യാഴാഴ്ച വോട്ട് ചെയ്യാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി നേതാവാണ് നടി ഖുശ്ബു. അവരുടെ ഭര്‍ത്താവ് സംവിധായകനും നടനുമായ സുന്ദര്‍ സി മധുര സെന്‍ട്രലിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പുതിയ നീതി പാര്‍ട്ടിക്ക് വേണ്ടിയാണ് സുന്ദര്‍ മല്‍സരിക്കുന്നത് എങ്കിലും ചിഹ്നം എഐഎഡിഎംകെയുടെ രണ്ടിലയാണ്. സുന്ദറിനെ പ്രചാരണത്തില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കാലുവാരി എന്നാണ് ഖുശ്ബു പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമിക്ക് ഖുശ്ബു പരാതി നല്‍കി. മണ്ടവേലിപാക്കത്തിലെ ശ്രീ രാജലക്ഷ്മി മട്രികുലേഷന്‍ സ്‌കൂളിലാണ് ഇരുവര്‍ക്കും വോട്ട്.












Click it and Unblock the Notifications