വിജയ് പ്രത്യേക ബസ് ഏല്‍പ്പിച്ചു; റിസോര്‍ട്ടില്‍ 50 മുറികള്‍ ബുക്ക് ചെയ്തു, 41 കുടുംബങ്ങളും എത്താനിടയില്ല
കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബവുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സംവിധാനമൊരുക്കി ടിവികെ. വിജയ് കരൂരിലെത്തുന്നതിന് പകരം കുടുംബങ്ങളെ ചെന്നൈയിലെത്തിക്കുകയാണ് ചെയ്യുന്നത്. വിജയ്ക്ക് കരൂരിലേക്ക് പോകുന്നതിന് മതിയായ സാഹചര്യം ഇപ്പോഴും ആയിട്ടില്ല എന്ന് സൂചിപ്പിച്ചാണ് പുതിയ നീക്കം. ആദ്യമായിട്ടാണ് ഒരു നേതാവ് ഇരകളെ വിളിച്ചുവരുത്തി കാണുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
രാഷ്ട്രീയത്തില്‍ സജീവമായ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കരൂര്‍ ദുരന്തം. സെപ്തംബര്‍ 27ന് കരൂരില്‍ വിജയുടെ പരിപാടിക്കെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന ടിവികെയുടെ ആരോപണം സിബിഐ അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ടിവികെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സിബിഐ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തുടങ്ങവെയാണ് വിജയ് കരൂര്‍ ഇരകളെ കാണുന്നത്. 41 പേരാണ് സംഭവത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ തുക കഴിഞ്ഞാഴ്ച വിജയ് കൈമാറി. എല്ലാവര്‍ക്കും ബാങ്ക് വഴിയാണ് പണം കൈമാറിയത്. രണ്ട് കുടുംബങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ പണം കൈമാറാന്‍ സാധിച്ചിട്ടില്ല.
അതിനിടെയാണ് വിജയ് ഇരകളെ ചെന്നൈയിലേക്ക് വിളിപ്പിച്ച് നേരിട്ട് കാണാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച. റിസോര്‍ട്ടില്‍ 50 മുറികള്‍ ബുക്ക് ചെയ്തു എന്നാണ് ടിവികെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, കരൂരില്‍ നിന്നുള്ള കുടുംങ്ങള്‍ക്ക് മഹാബലിപുരത്ത് എത്തുന്നതിന് പ്രത്യേക ബസ് ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ ചെന്നൈയിലേക്ക് പുറപ്പെടും.
എല്ലാ കുടുംബങ്ങളും വരില്ല
എല്ലാ കുടുംബങ്ങളും മഹാബലിപുരത്ത് എത്തില്ല എന്നും വിവരമുണ്ട്. വിജയ് കരൂരില്‍ വന്ന് കാണട്ടെ എന്ന് ചില കുടുംബങ്ങള്‍ പ്രതികരിച്ചിരുന്നു. 20 കുടുംബങ്ങള്‍ എത്തുമെന്ന് ഉറപ്പായി എന്നാണ് ടിവികെ നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്നത്. ബാക്കിയുള്ളവരും എത്തുമെന്ന പ്രതീക്ഷ അവര്‍ പങ്കുവച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല എന്നാണ് നേതാക്കളുടെ പ്രതികരണം.
ഓരോ കുടുംബത്തില്‍ നിന്നും നാല് പേര്‍ വീതമാണ് മഹാബലിപുരത്ത് എത്തുക. ഇവര്‍ക്ക് താമസിക്കാന്‍ പ്രത്യേകം മുറികള്‍ ഒരുക്കിയിട്ടുണ്ട്. റിസോര്‍ട്ടില്‍ ഒരു ഓഡിറ്റോറിയമുണ്ട്. അവിടെ എല്ലാ കുടുംബങ്ങളെയും വിളിച്ച് കൂടിക്കാഴ്ച നടത്തുകയാകും ചെയ്യുക. അല്ലെങ്കില്‍ ഓരോ കുടുംബവും താമസിക്കുന്ന മുറിയില്‍ നേരിട്ടെത്തി പ്രത്യേകം പ്രത്യേകം വിജയ് കൂടിക്കാഴ്ച നടത്തുകയാകും ചെയ്യുക എന്നും ടിവികെ നേതാക്കള്‍ സൂചിപ്പിക്കുന്നു.
ടിവികെ നടത്തിവന്ന സംസ്ഥാനതല യാത്ര കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. കുടുംബങ്ങളെ ആശ്വസിപ്പിച്ച ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വിജയ് ആലോചിക്കുന്നുണ്ട്. ജനുവരി മുതല്‍ പുതിയ നീക്കങ്ങള്‍ ആരംഭിക്കും. ഒരുപക്ഷേ തിരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനങ്ങളും ജനുവരിയില്‍ പ്രതീക്ഷിക്കാം. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തടയാന്‍ വേണ്ടി നടന്ന ഗൂഢാലോചനയാണ് ദുരന്തം എന്നാണ് ടിവികെയുടെ സംശയം. തുടര്‍ന്നാണ് സിബിഐ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications