ഈ വനിതക്ക് മുമ്പില്‍ വിജയ് ഒന്നുമല്ല; നടന്റെ ഒമ്പത് ഇരട്ടി ആസ്തി, ആരാണ് തമിഴ്‌നാട്ടിലെ ലീമ റോസ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയമാണ് ദേശീയ തലത്തിലെ പ്രധാന ചര്‍ച്ച. ഏറ്റവും വലിയ കക്ഷിയായി വിജയ് നേതൃത്വം നല്‍കുന്ന ടിവികെ തിരഞ്ഞെടുക്കപ്പെട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം സാധ്യമായിട്ടില്ല. 108 സീറ്റിന്റെ ബലമുണ്ടെങ്കിലും 118 സീറ്റ് തികച്ചു വേണം എന്നാണ് ഗവര്‍ണര്‍ അര്‍ലേക്കര്‍ പറയുന്നത്. ഇതോടെ പിന്തുണ തേടിയുള്ള നെട്ടോട്ടത്തിലാണ് വിജയ്.
അതിനിടെയാണ് ഒരു വനിത മാധ്യമങ്ങളില്‍ നിറയുന്നത്, ലീമ റോസ്. എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന അണ്ണാഡിഎംകെയിലെ അംഗമാണ് അവര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് ലീമ റോസ് തിരഞ്ഞെടുക്കപ്പെട്ടത്. വെറും 3000ത്തില്‍ താഴെയാണ് ഭൂരിപക്ഷം. പക്ഷേ, ആസ്തിയും സമ്പത്തും നോക്കുമ്പോള്‍ തമിഴ്‌നാട്ടിലെ നമ്പര്‍ വണ്‍ ആണ് ലീമ റോസ്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണ് ലീമ റോസ്. മാര്‍ട്ടിന്റെ മകള്‍ ഡെയ്‌സിയുടെ ഭര്‍ത്താവ് ആദവ് അര്‍ജുന ടിവികെയുടെ പ്രധാന നേതാവാണ്. ഡിഎംകെയിലും മാര്‍ട്ടിന്റെ അടുത്ത ബന്ധുക്കളുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌നാട് ആര് ഭരിച്ചാലും സാന്റിയാഗോ മാര്‍ട്ടിന്റെ ആളുകള്‍ സര്‍ക്കാരിലുണ്ട് എന്ന മട്ടിലാണ് കാര്യങ്ങള്‍.
തമിഴ്‌നാട്ടിലെ എംഎല്‍എമാരില്‍ ഏറ്റവും സമ്പത്തുള്ളത് ലീമ റോസിനാണ് എന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 5863 കോടി രൂപയുടെ ആസ്തിയാണ് ലീമയ്ക്കുള്ളത് എന്ന് അവര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വ്യക്തമാക്കുന്നു. വിജയുടെ ഒമ്പത് ഇരട്ടി വരുമിത്. വിജയ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് അദ്ദേഹത്തിന് 648 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ്.
ഡിഎംകെ കോട്ട തകര്‍ത്താണ് ലീമയുടെ വരവ്
ആദ്യമായിട്ടാണ് ലീമ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയാണ് ലീമ റോസ്. ലീമ റോസ് മാര്‍ട്ടിന്‍ എന്നും അവര്‍ അറിയപ്പെടാറുണ്ട്. 60795 വോട്ടുകളാണ് ഇവര്‍ക്ക് ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ടിവികെയുടെ കുപ കൃഷ്ണനെ 2739 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലീമ സഭയില്‍ എത്തിയിരിക്കുന്നത്.
ടിവികെ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് വിജയ്ക്കാണ്. രണ്ടാം സ്ഥാനത്ത് ആദവ് അര്‍ജുനയാണ്. ലീമ റോസിന്റെ മരുമകനാണ് ആദവ് അര്‍ജുന. ലീമ റോസിന് 19233 ഗ്രാം സ്വര്‍ണം കൈവശമുണ്ട് എന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. 1217 കാരറ്റ് വജ്രവും 131813 ഗ്രാം വെള്ളിയും ലീമയ്ക്ക് സ്വന്തമായുണ്ട്. 10 കാറുകളും ലീമയ്ക്കുണ്ട് എന്ന് പറയുമ്പോള്‍ അവരുടെ ആസ്തിയുടെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ.
ലാല്‍ഗുഡി മണ്ഡലം ഡിഎംകെയുടെ ശക്തി കേന്ദ്രമാണ്. ഇവിടെ നിന്ന് രണ്ട് തവണ മാത്രമാണ് ഇതിന് മുമ്പ് അണ്ണാഡിഎംകെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലീമ റോസിലൂടെ 20 വര്‍ഷത്തിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ് അണ്ണാഡിഎംകെ. ഇത്തവണ ഡിഎംകെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്ന കാര്യവും എടുത്തു പറയണം.















Click it and Unblock the Notifications