'തൃഷയിൽ നിന്നും പുറത്തുവന്നാലെ വിജയിക്ക് തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്യാനാകൂ';അധിക്ഷേപിച്ച് ബിജെപി
തമിഴ് സിനിമ ലോകത്ത് വളരെ കാലമായി പ്രചരിക്കുന്ന അഭ്യൂഹമാണ് നടനും ടിവികെ തലവനുമായ വിജയിയും നടി തൃഷയും തമ്മിൽ പ്രണയത്തിലാണെന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളും നേരത്തേ വന്നിരുന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. അന്നുമുതലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് കഴിയുകയാണെന്ന തരത്തിലുമുള്ള വാർത്തകൾക്ക് ചൂടുപിടിച്ചത്. എന്തായാലും തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് അടുക്കുമ്പോൾ ഈ വിഷയം ചർച്ചയാക്കുകയാണ് ബി ജെ പി. തൃഷയെ വിട്ട് പുറത്ത് കടന്നാൽ മാത്രമേ വിജയിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂവെന്നാണ് ബി ജെ പിയുടെ പരിഹാസം. ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് വിജയിക്കെതിരെ രംഗത്തെത്തിയത്.

'പാവം വിജയ്ക്ക് ഒന്നും അറിയില്ല, രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് യാതൊരു അനുഭവസമ്പത്തുമില്ല. തൃഷയുമായുള്ള ബന്ധത്തിൽ നിന്ന് മോചിതനായാൽ മാത്രമേ അയാൾക്ക് യാഥാർത്ഥ്യം മനസിലാക്കാൻ കഴിയൂ. ഒരു സംസ്ഥാനത്തെ നയിക്കാൻ ശ്രമിക്കുന്നതിന് മുൻപ് സ്വന്തം കുടുംബബന്ധങ്ങൾ ശരിയാക്കുകയും മഹാനായ നേതാക്കൾ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത് എങ്ങനെയാണെന്ന് പഠിക്കുകയും വേണം', നൈനാർ നാഗേന്ദ്രൻ പരിഹസിച്ചു.
'ഒരു കോഴിയെ പിടിക്കാൻ മേൽക്കൂരയിൽ കയറാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് സ്വർഗത്തിലേക്ക് പോകാൻ ആകാശത്തിൽ എത്താൻ സാധിക്കുക. എല്ലാത്തിനും അനുഭവ പരിചയം വേണം. ഒരു പാത്രത്തിനുള്ളിൽ ഉള്ളത് മാത്രമേ അതിൽ നിന്ന് പുറത്തേക്ക് ഒഴിക്കാൻ കഴിയൂ', നൈനാർ പറഞ്ഞു. 32% വോട്ട് വിഹിതം എന്ന ടിവികെയുടെ അവകാശവാദത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു നടനായതുകൊണ്ട് മാത്രം 32% വോട്ട് നേടുമെന്ന് നമുക്കെങ്ങനെ അംഗീകരിക്കാൻ കഴിയും? വിജയകാന്ത് വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിട്ടും, അത് വോട്ടുകളായി മാറിയില്ലെങ്കിൽ എന്ത് പ്രയോജനം?" അന്തരിച്ച നടൻ വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതം ഓർമ്മിപ്പിച്ചുകൊണ്ട് നാഗേന്ദ്രൻ ചോദിച്ചു.രാഷ്ട്രീയപരമായി നോക്കുമ്പോൾ വിജയ് ഒന്നുമല്ല, ഹനുമാനെപ്പോലെ ഒരു പർവതത്തിന് മുകളിലൂടെ ചാടാൻ കഴിയുമെന്ന് എനിക്കും അവകാശപ്പെടാം. പക്ഷേ അത് സാധ്യമാണോ? അയാൾക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ല', നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.
നേരത്തേ ഡിഎംകെ നേതാവ് പനീർശെൽവവും വിജയ്-തൃഷ ബന്ധത്തെ പരിഹസിച്ചിരുന്നു. ടിവികെയിലെ ടി തൃഷയെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു പരിഹാസം. അതേസമയം ഇത്തരം പരിഹാസങ്ങളോട് വിജയിയോ തൃഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications