വിജയ്ക്ക് പിന്തുണ; സിനിമയിലും രാഷ്ട്രീയത്തിലും, സിമ്പു പറയുന്നത്, വിജയ്‌ക്കെതിരെ മറ്റൊരു പരാതി
ചെന്നൈ: ദളപതി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് നടന്‍ സിലമ്പരസന്‍ എന്ന സിമ്പു. ജനനായകന്‍ സിനിമയുടെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കെയാണ് സിമ്പുവിന്റെ പ്രതികരണം. ജനനായകനും വിജയിയും രണ്ടല്ലെന്നും നമുക്ക് വേര്‍പ്പെടുത്താന്‍ പറ്റാത്തതാണ് അതെന്നും സിമ്പു പറയുന്നു.
ജനുവരി ഒമ്പതിനാണ് ജനനായകന്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റിലീസ് സാധ്യമായില്ല. തുടര്‍ന്ന് വിഷയം കോടതി കയറി. അന്തിമ തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. റിലീസ് വൈകുന്നത് തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും ഉള്‍പ്പെടെ കോടികളാണ് നഷ്ടം വരുത്തിയിട്ടുള്ളത്.

വിജയ് അണ്ണാ, തിരിച്ചടികള്‍ ഒരിക്കലും താങ്കളെ തളര്‍ത്തിയിട്ടില്ല. ഇതിനേക്കാള്‍ വലിയ കൊടുങ്കാറ്റുകള്‍ താണ്ടിയ വ്യക്തിയാണ്. ഈ വെല്ലുവിളിയും മറികടക്കാന്‍ സാധിക്കും. ജനനായകന്‍ റിലീസ് ചെയ്യുന്ന ദിവസമാണ് യഥാര്‍ഥ തിരുവിഴ എന്നും സിമ്പു വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വിജയിയുടെ പാര്‍ട്ടിയും മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. വിജയിയുടെ രാഷ്ട്രയത്തെ കുറിച്ചും സിമ്പു പ്രതികരിച്ചു.
കുറേ വര്‍ഷങ്ങളായി വിജയ് സിനിമാ മേഖലയിലുണ്ട്. എല്ലാ പിന്തുണയും വിജയ്ക്ക് നല്‍കുന്നു. തടഞ്ഞുവച്ച സിനിമ പുറത്തിറങ്ങണം. രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ തനിക്ക് അറിയില്ല. അത്രമാത്രം പരിചയം രാഷ്ട്രീയത്തില്‍ തനിക്കില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ പറ്റിയ ആളല്ല താന്‍. രാഷ്ട്രീയത്തിലും വിജയ്ക്ക് എല്ലാ ആശംസയും അറിയിക്കുന്നു എന്നും സിമ്പു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വിജയ്‌ക്കെതിരെ പോലീസില്‍ പരാതി
വിജയിയെ പുകഴ്ത്തി ഭക്തിഗാനം മാറ്റിപ്പാടിയതില്‍ പരാതി. വിജയ്, ഗാനം ആലപിച്ച വേല്‍മുരുകന്‍, ടിവികെ നേതാക്കളായ ആനന്ദ്, ആദവ് അര്‍ജുന എന്നിവര്‍ക്കെതിരെയാണ് ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറി കുറ്റാലനാഥന്‍ പോലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഹിന്ദു ഭക്തിഗാനം ദുരുപയോഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. മധുരയിലും സേലത്തും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ നോമ്പുതുറ നടത്തിയതുമായി ബന്ധപ്പെട്ടും വിജയ്‌ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ടിവികെയുടെ മൂന്നാം വാര്‍ഷിക ആഘോഷം പനയൂരിലെ പാര്‍ട്ടി ഓഫീസില്‍ നടന്നിരുന്നു. ഈ വേളയില്‍ വിജയിയെ പുകഴ്ത്തി പാടുകയായിരുന്നു വേല്‍മുരുകന്‍. ഉള്ളത്തില്‍ നീ ഇരിക്കെ എന്ന ഭക്തിഗാനം പാടുന്നതിനിടെയാണ് വിജയിയെ കൂടെ ചേര്‍ത്തു പാടിയത്. ഈ വേളയില്‍ മുരുകന്റെ മകളെ വിളിച്ച് വിജയ് ഡാന്‍സ് ചെയ്തു. ഇതിന്റെ വീഡിയോ വൈറലായിരുന്നു.
വിവാദമയതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വേല്‍മുരുകന്‍ രംഗത്തുവന്നു. വിജയ്ക്ക് സംഭവത്തില്‍ പങ്കില്ല. സ്വാഭാവികമായി പാടിയതാണ്. ആരെയും മോശമാക്കണം എന്ന് കരുതിയില്ല. ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നും വേല്‍മുരുകന്‍ പറഞ്ഞു.












Click it and Unblock the Notifications