വിജയ് വിയര്‍ക്കുന്നു; ബൂത്തില്‍ ഇരിക്കാന്‍ പോലും ആളില്ലാതെ ടിവികെ, പോളിങ് നീട്ടണം എന്ന് കത്ത്
ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ വന്‍ സാന്നിധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നടന്‍ വിജയിയുടെ ടിവികെ വിയര്‍ക്കുന്നു. പല മണ്ഡലങ്ങളിലും ടിവികെക്ക് ബൂത്ത് ഏജന്റുമാര്‍ ഇല്ല. ഡിഎംകെ, എഐഎഡിഎംകെ, എന്‍ടികെ തുടങ്ങിയ മറ്റു കക്ഷികള്‍ക്കെല്ലാം ബൂത്ത് ഏജന്റുര്‍ ഉള്ള സ്ഥലങ്ങളില്‍ പോലും ടിവികെക്ക് ഏജന്റുമാരില്ലെന്നതാണ് കൗതുകം.
ടിവികെയുടെ സംഘടനാ സംവിധാനം സംസ്ഥാനത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തെക്കന്‍ തമിഴ്‌നാട്ടിലെ പല മണ്ഡലങ്ങളിലും ടിവികെ ഏജന്റുമാര്‍ ഇല്ല എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പോളിങ് സമയം നീട്ടണം എന്ന് വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

മധുര വിജയ്ക്ക് വലിയ ആരാധകരുള്ള ജില്ലയാണ്. മുഴുവന്‍ മണ്ഡലങ്ങളിലും ടിവികെ മല്‍സരിക്കുന്നുമുണ്ട്. പക്ഷേ, ജില്ലയില്‍ മിക്ക ബൂത്തിലും ടിവികെക്ക് ഏജന്റുമാര്‍ ഇല്ല. മധുര സൗത്ത്, മധുര ഈസ്റ്റ്, മേലൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ടിവികെയുടെ ഏജന്റുമാര്‍ ഇല്ല. ബൂത്ത് തലത്തില്‍ ടിവികെയുടെ സംഘടനാ സംവിധാനമില്ല എന്നാണ് വിവരം.
തമിഴ്‌നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ വിജയ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എല്ലാ മണ്ഡലത്തിലും സാന്നിധ്യമില്ലാതെ ഏങ്ങനെയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്ന് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നു. ശിവകാശി, വിരുദുനഗര്‍, തിരുച്ചുലി, വിലാത്തിക്കുളം എന്നീ മണ്ഡലങ്ങളിലും ടിവികെയുടെ ഏജന്റുമാര്‍ ഇല്ല.
പോളിങ് സമയം നീട്ടണം എന്ന് വിജയ്
വോട്ടെടുപ്പ് തുടങ്ങിയ പിന്നാലെ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. പോളിങ് സമയം വൈകീട്ട് രണ്ട് മണിക്കൂര്‍ നീട്ടണം എന്നാണ് വിജയുടെ ആവശ്യം. വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. എന്നാല്‍ എട്ട് വരെ നീട്ടണം എന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് യാത്രാ തടസം കാരണം പോളിങ് സ്‌റ്റേഷനില്‍ എത്താന്‍ സാധിക്കുന്നില്ലെന്നും മക്കവരും വൈകുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് വിജയുടെ കത്ത്.
മിക്ക നിയമസഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് സമയം നീട്ടണം എന്നാണ് വിജയുടെ ആവശ്യം. എന്നാല്‍ യാത്രാ തടസം നേരിട്ടതിനാല്‍ പോളിങ് സമയം നീട്ടണം എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചേക്കില്ല. അങ്ങനെ ചട്ടം ഇല്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിജയ് രാവിലെ തന്നെ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ സൈക്കിളില്‍ വോട്ട് ചെയ്യാന്‍ വന്ന വിജയ് ഇത്തവണ എങ്ങനെയാണ് എത്തുക എന്ന കൗതുകം ഉണ്ടായിരുന്നു. എന്നാല്‍ കാറിലാണ് വിജയ് പോളിങ് സ്‌റ്റേഷനില്‍ എത്തിയത്. മറ്റു രീതിയില്‍ വന്നാല്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് കണ്ടാണ് വിജയ് കാര്‍ എടുത്തത്.












Click it and Unblock the Notifications