വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക
ഹൈദരാബാദ്: രാജകീയമായി നടന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. തെന്നിന്ത്യയിലെ ഈ സൂപ്പര്‍ താര ജോഡികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളും വാങ്ങിക്കൂട്ടി മുന്നേറുകയാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായത്. കല്യാണത്തിന്റെ ക്ഷണക്കത്തു മുതല്‍ വിവാഹത്തിന് ഇരുവരും ധരിച്ചിരുന്ന ആഭരണങ്ങള്‍ വരെ ആരാധകരും മാധ്യമങ്ങളും ചര്‍ച്ചയാക്കി.
കഴിഞ്ഞ ഫെബ്രുവരി 26-നാണ് ഹൈദരാബാദിലെ ആഡംബര ഹോട്ടലില്‍ വച്ച് താര വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. വര്‍ഷങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും ഒരുമിച്ചത്. ഇപ്പോഴിതാ, എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രശ്മിക നടത്തിയ ഒരു വെളിപ്പെടുത്തല്‍ വീണ്ടും വൈറലാവുകയാണ്. 'ഡിയര്‍ കോമ്രേഡ്' എന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ, തന്റെ വീട്ടില്‍ കുടുംബാംഗങ്ങളുമായി നടന്ന വലിയൊരു വഴക്കിനെക്കുറിച്ച് രശ്മിക അന്ന് തുറന്നു പറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതിനെ ചൊല്ലിയും ആ സമയത്തെ തന്റെ മാനസികാവസ്ഥയും കരിയറിലെടുത്ത തീരുമാനങ്ങളും കാരണമാണ് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായതെന്ന് താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

ഡിയര്‍ കോമ്രേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നതിന് തൊട്ടു മുമ്പ് തന്റെ വീട്ടില്‍ വലിയ വഴക്ക് നടന്നതായി രശ്മിക അന്ന് പറഞ്ഞു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ കുടുംബം അത്ര സന്തുഷ്ടരല്ലായിരുന്നുവെന്ന് രശ്മിക പറഞ്ഞു. വിജയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ കാരണം ചോദിച്ചായിരുന്നു വഴക്കുണ്ടായത്. തനിക്ക് നായകന്‍ പ്രധാനമായിരുന്നില്ല. ആ കഥ വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.
സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള സമ്മര്‍ദങ്ങള്‍ കാരണം അക്കാലത്ത് താന്‍ ആരോടും സംസാരിക്കാതെ മുറിയില്‍ തന്നെ അടച്ചിരിക്കാറായിരുന്നു പതിവ്. ഈ സാഹചര്യത്തില്‍ സിനിമകള്‍ സ്വീകരിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും അത് വലിയ വഴക്കുകളില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ മകളുടെ കരിയറിലെ വളര്‍ച്ച ആഗ്രഹിച്ച മാതാപിതാക്കള്‍ ഒടുവില്‍ അവളുടെ തീരുമാനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു. ഈ കാര്യങ്ങള്‍ രശ്മിക വേദിയില്‍ പറയുമ്പോള്‍ വിജയ് ദേവരകൊണ്ടയും അടുത്തുണ്ടായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ആ ഘട്ടമായിട്ടാണ് രശ്മിക ആ സംഭവം പങ്കുവെച്ചത്. രശ്മികയുടെ കുടുംബത്തില്‍ അന്ന് നടന്ന ഈ വഴിക്കിനെക്കുറിച്ച് വിജയ്ക്കും അറിവുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വിജയ് തന്റെ കരുത്തായി കൂടെയുണ്ടെന്ന് രശ്മിക പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications