ബെറ്റിങ് ആപ്പില്‍ പണി: വിജയ് ദേവരകൊണ്ടയും പ്രകാശ് രാജുമടക്കം 25 താരങ്ങള്‍ക്കെതിരെ കേസ്, ധ്യാന്‍ അന്ന് പറഞ്ഞത്
ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പുകളുടെ പ്രമോഷന്റെ ഭാഗമായ നടീ-നടന്മാർക്കെതിരെ നടപടിയുമായി തെലങ്കാന പൊലീസ്. പ്രമുഖ താരങ്ങളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 സെലിബ്രിറ്റികള്‍ക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വ്യവസായി ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസിന്റെ നടപടി.
പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, ഹർഷ സായി, സണ്ണി യാദവ്, ശ്യാമശ, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരാണ് എഫ് ഐ ആറില്‍ പ്രതിചേർക്കപ്പെട്ട മറ്റ് പ്രമുഖർ.

സെലിബ്രിറ്റികളുടെയും ഇന്‍ഫ്ലൂവന്‍സർമാരുടേയും സഹായത്തോടെ സോഷ്യൽ മീഡിയ വഴി ഈ പ്ലാറ്റ്‌ഫോമുകൾ അവരുടെ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ് ഐ ആറിൽ പറയുന്നു. 'ഈ നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് മധ്യവർഗ, താഴ്ന്ന വരുമാനമുള്ളവരെ ദുരിതത്തിലേക്ക് നയിക്കുന്നു' എഫ് ഐ ആറില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരും സെലിബ്രിറ്റികളും വലിയ തുകകൾ കമ്മീഷനായും പ്രതിഫലമായും സ്വീകരിച്ചാണ് ഈ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നത്. ആളുകള്‍ ഇത്തരം ആപ്പുകളുടെ അടിമകളായി മാറുന്നതോടെ സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിലേക്കും നയക്കുന്നതായും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഭാരത് ന്യായ് സംഹിതയിലെ 318(4), 112, 49 എന്നീ വകുപ്പുകൾ പ്രകാരമാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം കേരളത്തിലും ഇത്തരം നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. ഓൺലൈൻ ഗെയിമിങ്- വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത പേജുകള്‍ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും അടുത്തിടെ ഡിലീറ്റ് ചെയ്തിരുന്നു. നടന്‍ ധ്യാന്‍ ശ്രീനിവാസന് അടക്കമുള്ള താരങ്ങളും ഇത്തരം ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ എന്ന നിലയിൽ ഇതുപോലെയുള്ള ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന് 'സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയില്ല' എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ മറുപടി. സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞിട്ടാണ് ഇവിടെ വിൽക്കുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. അങ്ങനെ പ്രശ്നമുള്ളവർ ഇത് കളിക്കേണ്ട. ഇനി പൈസ പോയിട്ടുള്ള ആളുകളൊക്കെ ഞാൻ പൈസ കൊടുക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications