വിജയ് വൈകീട്ട് 6 മണിക്ക് ശേഷം പ്രചാരണം നടത്തിയില്ല; പരക്കെ സംസാരം, പിതാവിന്റെ പ്രതികരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെയാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. എല്ലാ പാര്‍ട്ടികളും സാധ്യമാകുന്ന പരമാവധി വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലാണ്. ആദ്യമായി തമിഴ്‌നാട്ടില്‍ ചതുഷ്‌കോണ മല്‍സരം നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. ഡിഎംകെ, എഐഎഡിഎംകെ, ടിവികെ, എന്‍ടികെ എന്നീ കക്ഷികളാണ് മല്‍സര രംഗത്തുള്ളത്.
ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടന്‍ വിജയിയുടെ സാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അദ്ദേഹം കരൂരില്‍ നടത്തിയ പൊതുപരിപാടി 41 പേരുടെ മരണത്തില്‍ കലാശിച്ചതോടെ കടുത്ത നിയന്ത്രമാണ് പ്രചാരണത്തിന് ഏര്‍പ്പെടുത്തിയത്. പലയിടത്തും പോലീസ് കടുത്ത നിബന്ധനകള്‍ വച്ചു. മിക്ക സ്ഥലത്തും വിജയ്ക്ക് പൊതുപരിപാടികള്‍ നടത്താന്‍ സാധിച്ചില്ല. നേരത്തെ പോസ്റ്റര്‍ പ്രചാരണം നടത്തിയ പരിപാടികള്‍ പോലും റദ്ദാക്കേണ്ടി വന്നു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് വിജയ് പൊതുപരിപാടികള്‍ക്ക് വേണ്ടി ആദ്യം തിരഞ്ഞെടുത്തത്. മറ്റു ദിവങ്ങളില്‍ പരിപാടികള്‍ നടത്തിയാല്‍ പലരും ജോലി മുടക്കാന്‍ സാധ്യതയുണ്ട് എന്ന കാരണമാണ് ടിവികെ വൃത്തങ്ങള്‍ പറഞ്ഞത്. വൈകീട്ട് ആറ് മണിക്ക് ശേഷം വിജയ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരുന്നതും ചര്‍ച്ചയായി.
ഡിഎംകെയും അണ്ണാഡിഎംകെയും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ വൈകീട്ട് വലിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ആറ് മണിക്ക് ശേഷം പൊതുപരിപാടി നടത്തിയില്ല എന്ന് ഇതര പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് വിജയുടെ അച്ഛനും നിര്‍മാതാവുമായ എസ്എ ചന്ദ്രശേഖര്‍.
വിജയ് മനപ്പൂര്‍വം ഉപേക്ഷിക്കുകയായിരുന്നു
രാത്രിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിജയ് മനപ്പൂര്‍വം ഉപേക്ഷിക്കുകയായിരുന്നു എന്ന് ചന്ദ്രശേഖര്‍ പറയുന്നു. കരൂര്‍ ദുരന്തത്തിന് ശേഷമാണ് അദ്ദേഹം ഈ തീരുമാനം എടുത്തതത്രെ. കരൂര്‍ ദുരന്ത ശേഷം കൂടുതല്‍ പേര്‍ തന്റെ പരിപാടിക്ക് എത്തുമ്പോള്‍ വിജയ്ക്ക് ആശങ്കയുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് വിജയ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് രാത്രിയുടെ പ്രചാരണം ഒഴിവാക്കിയതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
ഓരോ പരിപാടിയിലും വിജയ് നടത്തുന്ന പ്രസംഗവും ദൈര്‍ഘ്യവും വളരെ ശ്രദ്ധിച്ചിരുന്നു എന്നാണ് പിതാവ് പറയുന്നത്. ഏറിയാല്‍ 15 മിനുട്ട് വരെയാണ് വിജയ് പ്രസംഗിച്ചത്. ഔപചാരികത ഒഴിവാക്കി ജനങ്ങളുമായി വേഗത്തില്‍ നേരിട്ട് കാര്യങ്ങള്‍ പറയാനാണ് വിജയ് പ്രസംഗത്തില്‍ ശ്രമിച്ചിരുന്നത് എന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ജനനായകന്‍ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് സംബന്ധിച്ച്, വിജയ് ഇത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു പിതാവിന്റെ പ്രതികരണം.
പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. പെരമ്പൂര്‍ ഡിഎംകെയുടെ തട്ടകമാണ്. തൃച്ചി ഈസ്റ്റ് എഐഎഡിഎംകെയുടെയും. ഡിഎംകെ തന്റെ രാഷ്ട്രീയ ശത്രുവും ബിജെപി ആദര്‍ശ ശത്രുവുമാണ് എന്ന് വിജയ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളിലും ആവര്‍ത്തിച്ചു. വിജയുടെ പാര്‍ട്ടി ഭരണം പിടിക്കില്ലെങ്കിലും നിര്‍ണായക സാന്നിധ്യമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.












Click it and Unblock the Notifications