ജ്യോതിഷി പറഞ്ഞു, വിജയ് കേട്ടു? എടപ്പാടിയുമായി അര മണിക്കൂര്‍ ചര്‍ച്ച, പൊങ്കല്‍ കഴിഞ്ഞാല്‍ അറിയാം
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചില മാറ്റങ്ങള്‍. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരടി പിന്നോട്ട് പോയ ടിവികെ നേതാവ് ദളപതി വിജയ് തിരിച്ചുവരവിന് കളമൊരുക്കുന്നു. അടുപ്പമുള്ളവരില്‍ നിന്നുള്ള പ്രതികരണവും ആഭ്യന്തര സര്‍വ്വെയും നടത്തിയ വിജയ്, സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി ശക്തമാണ് എന്ന് മനസിലാക്കി.
മാത്രമല്ല, ബിജെപി, ഡിഎംകെ എന്നീ കക്ഷികളെ എതിരിട്ട് രാഷ്ട്രീയത്തില്‍ നില്‍ക്കല്‍ പ്രയാസമാണ് എന്ന ഉപദേശവും വിജയ്ക്ക് ലഭിച്ചു. ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകുന്നതാണ് ഉചിതം എന്നാണ് ലഭിച്ച നിര്‍ദേശം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികളെ ഒരേസമയം എതിര്‍ത്ത് ഭരണം പിടിക്കണമെങ്കില്‍ ശക്തമായ അടിത്തറ വേണമെന്നും വിജയ് മനസിലാക്കുന്നു.

കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയുടെ ടിവികെ നേതാക്കള്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് ഒഴിവാക്കാന്‍ പലരും ഒളിവിലാണ്. മുതിര്‍ന്ന നേതാക്കളായ ബുസി ആനന്ദ്, നിര്‍മല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സജീവമായി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. മാത്രമല്ല, രണ്ടാംനിര നേതാക്കളില്‍ പലരും ഒളിവില്‍ പോയതും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് തിരിച്ചടിയായി.
എടപ്പാടി-വിജയ് ചര്‍ച്ച
ശക്തമായ ജനകീയ പിന്തുണ വീണ്ടെടുക്കാനാണ് വിജയ് ആലോചിക്കുന്നത്. രാഷ്ട്രീയം വിടില്ലെന്നും അദ്ദേഹം തീരുമാനിച്ചു. അതിനിടെയാണ് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ അധ്യക്ഷനുമായ എടപ്പാടി പളനിസ്വാമി വിജയിയെ ഫോണില്‍ വിളിച്ചത്. അര മണിക്കൂര്‍ നീണ്ട സംസാരത്തില്‍ വിജയ് അന്തിമ നിലപാട് അറിയിച്ചില്ല. സഖ്യം സംബന്ധിച്ച് ജനുവരിക്ക് ശേഷം പറയാമെന്നാണ് വിജയ് മറുപടി നല്‍കിയതത്രെ.
കരൂര്‍ ദുരന്തത്തില്‍ എടപ്പാടി വിജയിയെ അനുശോചനം അറിയിച്ചു. ഒറ്റയ്ക്ക് നിന്ന് ഭരണം പിടിക്കല്‍ പ്രയാസമാണ് എന്ന് ബോധിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഒരുമിച്ച് തിരഞ്ഞെടുപ്പ് നേരിടാമെന്ന നിര്‍ദേശം എടപ്പാടി മുന്നോട്ട് വെച്ചു. കരൂരിലെ ഇരകളെ നേരിട്ട് കാണമെന്ന ആഗ്രഹമാണ് വിജയ് പ്രകടിപ്പിച്ചത്. ശേഷം സംസ്ഥാനതല പര്യടനം പുനരാരംഭിക്കണം എന്നതാണ് ലക്ഷ്യം.
ജ്യോതിഷിയുടെ ഉപദേശം
ഇതിന് ശേഷം ജനുവരിയില്‍ സഖ്യം സംബന്ധിച്ച് അറിയിക്കാമെന്ന് വിജയ് മറുപടി നല്‍കിയത്രെ. ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ നിശിതമായി വിമര്‍ശിക്കുന്ന വിജയ് പക്ഷേ, അണ്ണാഡിഎംകെ, കോണ്‍ഗ്രസ് എന്നീ കക്ഷികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാറില്ല. സഖ്യസാധ്യത തുറന്നിടുകയാണ് വിജയ് എന്നാണ് പുതിയ വിവരം. അതിനിടെ വിജയ്ക്ക് ഏറെ അടുപ്പമുള്ള ജ്യോതിഷി ചില നിര്‍ദേശങ്ങള്‍ താരത്തിന് നല്‍കിയിട്ടുണ്ടത്രെ.
ഇപ്പോള്‍ മോശം സമയമാണ് എന്ന് ജ്യോതിഷി വിജയിയെ അറിയിച്ചുവത്രെ. പാര്‍ട്ടി നേതാക്കളെക്കാള്‍ വിജയ് അനുസരിക്കുക ജ്യോതിഷിയുടെ വാക്കുകളാണ് എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി വരെ മോശം സമയമാണെന്നും അതിന് ശേഷം കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നുമാണ് ജ്യോതിഷി പറഞ്ഞതത്രെ. ഈ സാഹചര്യത്തില്‍ കൂടിയാണ് വിജയ് ജനുവരിയില്‍ പൊങ്കലിന് ശേഷം നിലപാട് അറിയിക്കാമെന്ന് എടപ്പാടി പളനി സ്വാമിയെ അറിയിച്ചത് എന്നാണ് വിവരം.












Click it and Unblock the Notifications