വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; നിര്‍മാതാവ് സെല്‍വകുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു, കൂടെ 100 പേരും
ചെന്നൈ: ഡിഎംകെയുടെ രണ്ട് മന്ത്രിമാര്‍ വൈകാതെ ടിവികെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിടി സെല്‍വകുമാര്‍ ഡിഎംകെയില്‍. വിജയുടെ മുന്‍ മാനേജറും പുലി എന്ന ചിത്രത്തിന്റെ നിര്‍മാതാവുമാണ് സെല്‍വകുമാര്‍. വിജയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖറിനൊപ്പവും പിന്നീട് വിജയ്‌ക്കൊപ്പവും ഏറെകാലം ഒരുമിച്ചുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുന്ന വിജയുടെ ടിവികെ പാര്‍ട്ടിയിലേക്ക് എഐഎഡിഎംകെയില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് എത്തുന്നത്. വൈകാതെ ഡിഎംകെയില്‍ നിന്നുള്ള പ്രമുഖരും ടിവികെയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍. അതിനിടെയാണ് മറിച്ചുള്ള നീക്കം ഡിഎംകെ നടത്തിയത്. അടുത്ത കാലത്തായി വിജയുമായി ഉടക്കി നില്‍ക്കുകയാിരുന്നു പിടി സെല്‍വകുമാര്‍.

ഡിഎംകെ ചെയര്‍മാനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സെല്‍വകുമാര്‍ പാര്‍ട്ടി അംഗത്വം എടുത്തത്. കന്യാകുമാരി സ്വദേശിയും അഭിഭാഷകനുമായ സെല്‍വകുമാര്‍ പത്രപ്രവര്‍ത്തനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. വിജയിയുടെ ജനക്ഷേമ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. കോയമ്പത്തൂര്‍ മാപ്പിള്ള എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
സിനിമാ നിര്‍മാണ രംഗത്തും സെല്‍വകുമാര്‍ സജീവമായിരുന്നു. 2003ല്‍ ടിപി ഗജേന്ദ്രന്‍ സംവിധാനം ചെയ്ത പരമശിവം എന്ന ചിത്രം നിര്‍മിച്ചാണ് അദ്ദേഹം ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. 2013ല്‍ വിനയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയവര്‍ അഭിനയിച്ച ഒമ്പതുല ഗുരു എന്ന ചിത്രം സംവിധാനം ചെയ്തു. ഈ സിനിമ വേണ്ടത്ര കളക്ഷന്‍ നേടിയില്ല.
റെയ്ഡിന് പിന്നില്‍ വിജയ് എന്ന് സെല്‍വകുമാര്‍
2015ല്‍ ചിമ്പുദേവന്‍ സംവിധാനം ചെയ്ത 'പുലി' എന്ന ചിത്രം നിര്‍മിച്ചതും സെല്‍വകുമാറായിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. 2016ല്‍ പോക്കിരി രാജാ നിര്‍മിച്ചിരുന്നു. കഴിഞ്ഞ മാസം നടന്‍ വിവേകിന്റെ ജന്മദിനത്തില്‍ 'കലപ്പൈ മക്കള്‍ ഇയക്കം' എന്ന സംഘടന രൂപീകരിച്ചിരുന്നു. ഈ സംഘനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ഡിഎംകെയില്‍ ചേര്‍ന്നിരിക്കുന്നത്.
പുലി സിനിമ റിലീസിന് മുന്‍പ് തന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയ്ക്ക് പിന്നില്‍ വിജയുമായി അടുപ്പമുള്ള ചിലരാണെന്ന് റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി കഴിഞ്ഞ മാസം സെല്‍വകുമാര്‍ ആരോപിച്ചിരുന്നു. വിജയുടെ ബന്ധങ്ങളും സ്വകാര്യ വിവരങ്ങളുമെല്ലാം അറിയുന്ന വ്യക്തിയാണ് സെല്‍വകുമാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അത്തരം വ്യക്തി വിജയ് ശക്തമായി വിമര്‍ശിക്കുന്ന ഡിഎംകെയില്‍ ചേര്‍ന്നത് എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications