മധുവിധു കഴിഞ്ഞു? രാഹുല്‍ ഗാന്ധിയെ വെല്ലുമോ വിജയ്, രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഡിഎംകെ വീഴുകയും വിജയ് നയിച്ച ടിവികെ കുതിച്ചുയരുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് കളി മാറ്റി. ഡിഎംകെ സഖ്യത്തില്‍ നിന്ന് രാജിവെച്ച് വിജയ്ക്ക് കൈ കൊടുത്തു. വിജയുടെ കാബിനറ്റില്‍ രണ്ട് മന്ത്രിമാരാണ് കോണ്‍ഗ്രസിനുള്ളത്.
വിജയുടെ ഈ മുന്നേറ്റം തമിഴ്‌നാട്ടില്‍ ആരും പ്രതീക്ഷിച്ചതല്ല. കുറച്ച് സീറ്റുകളില്‍ ടിവികെ വിജയിച്ചേക്കാമെന്ന് മാത്രമാണ് കരുതിയിരുന്നത്. എല്ലാ പ്രവചനങ്ങളും അപ്രസക്തമാക്കിയായിരുന്നു വിജയുടെ വരവ്. തമിഴ്‌നാട് മുഖ്യമന്ത്രിയായ പിന്നാലെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വിജയ് എത്തുമെന്ന പ്രചാരണമാണിപ്പോള്‍. ടിവികെ മന്ത്രിമാരും നേതാക്കളും ഇക്കാര്യം പറഞ്ഞതോടെ കോണ്‍ഗ്രസ് ഉടക്കി.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയ് പ്രധാനമന്ത്രി സ്ഥാാര്‍ഥിയാകുമെന്ന് ടിവികെ നേതാക്കള്‍ പറയുന്നു. വിജയ് തമിഴ്‌നാട്ടില്‍ നടത്തുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉത്തരേന്ത്യയിലും വലിയ ചര്‍ച്ചയാണ്. ഇതോടെ ദക്ഷിണേന്ത്യ കടന്ന് വിജയുടെ കീര്‍ത്തി ഉയര്‍ന്നു എന്നാണ് ടിവികെ നേതാക്കള്‍ പറയുന്നത്.
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. അടുത്തിടെ ഇന്ത്യ ടുഡെ പുറത്തുവിട്ട സര്‍വ്വെ പ്രകാരം പ്രധാനമന്ത്രിയായി വിജയ് വരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി എന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദിയെ ആണ് കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്നത്. ശേഷം രാഹുല്‍ ഗാന്ധിയെയും. മൂന്നാം സ്ഥാനത്ത് വിജയ് ആണ്.
രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രി
ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാതെ ടിവികെ മുന്നോട്ട് പോയാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ വിജയുടെ കാബിനറ്റില്‍ നിന്ന് ഉടന്‍ രാജിവെക്കുമെന്നാണ് എസ് രാജേഷ് കുമാറിന്റെ ഭീഷണി. തമിഴ്‌നാട്ടിലെ ടൂറിസം മന്ത്രിയാണ് രാജേഷ് കുമാര്‍.
വിജയുടെ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളാണുള്ളത്. രാജേഷ് കുമാറിന് പുറമെ വിശ്വനാഥനും. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് വിശ്വനാഥന്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിയെ ഉയര്‍ത്തിക്കാട്ടി ടിവികെ മുന്നോട്ട് പോയാല്‍ രണ്ടു മന്ത്രിമാരും രാജിവെക്കുമെന്ന് രാജേഷ് പറഞ്ഞു. മാര്‍ത്താണ്ഡത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ വലിയ ആവേശത്തോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്.
സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് സ്വാധീനം ശക്തമാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. ജനങ്ങളും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വീകരിക്കുന്നത്. മറിച്ചുള്ള ടിവികെയുടെ നീക്കം അംഗീകരിക്കില്ലെന്നും രാജേഷ് കുമാര്‍ പറഞ്ഞു.





Click it and Unblock the Notifications