വിജയ്ക്ക് അടുത്ത കുരുക്ക്, പെരമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി, കയ്യിൽ പുറമ്പോക്ക് ഭൂമി?
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പെരമ്പൂർ മണ്ഡലത്തിൽ നിന്നുളള തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പെരമ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടറായ എസ് ദിനേശ് എന്നയാളാണ് ചെന്നൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
നാമനിർദേശ പത്രികയ്ക്ക് ഒപ്പം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഹർജി. സ്വത്തുക്കളുടെ പൂർണമായ വിവരങ്ങൾ വിജയ് വെളിപ്പെടുത്തിയിട്ടില്ലെന്നും ചില വിവരങ്ങൾ മറച്ച് വെച്ച് കൊണ്ടാണ് സത്യവാങ്മൂലം നൽകിയിട്ടുളളത് എന്നുമാണ് ഹർജിക്കാരന്റെ ആരോപണം.
കൊടൈക്കനാലിലും പോരൂരിലുമടക്കമുളള ഭൂമി, നീലാങ്കരയിലെ വീട് എന്നിവയടക്കമുളള സ്വത്തുക്കളുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾ ശരിയല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കൊടൈക്കനാൽ വിൽപട്ടി ഗ്രാമത്തിൽ 50 സെന്റ് കൃഷിഭൂമി 1997ൽ 30000 രൂപ നൽകി വാങ്ങിയെന്നും, ഇതിന്റെ നിലവിലെ വിപണി മൂല്യം 20 ലക്ഷം രൂപയാണെന്നുമാണ് വിജയ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സർക്കാർ രേഖകൾ പ്രകാരം ഇത് സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായതായി ഹർജിക്കാരൻ വാദിച്ചു.

മാത്രമല്ല ചെന്നൈ പോരൂരിൽ 9.13 കോടി രൂപയ്ക്ക് 33955 ചതുരശ്ര അടി കാർഷികേതര ഭൂമി 2010ൽ വാങ്ങിയെന്നാണ് സത്യവാങ്മൂലത്തിലുളളത്. എന്നാൽ രജിസ്ട്രേഷൻ വകുപ്പിന്റെ രേഖകൾ പ്രകാരം 7.5 കോടി രൂപയ്ക്ക് 20773 ചതുരശ്ര അടി ഭൂമി മാത്രമാണ് അദ്ദേഹം വാങ്ങിയിട്ടുള്ളത്. ഭൂമിയുടെ വിസ്തീർണ്ണത്തിലും വിലയിലും എന്തുകൊണ്ടാണ് ഇത്തരത്തിൽ അധിക വിവരങ്ങൾ രേഖപ്പെടുത്തിയത് എന്നതിന് വ്യക്തതയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ചെന്നൈ പാഡിയിൽ 7 കോടി രൂപ വിലമതിക്കുന്ന വാണിജ്യ സമുച്ചയം തനിക്ക് സ്വന്തമായുണ്ടെന്നും 2009ൽ 1.95 കോടി രൂപയ്ക്ക് സ്ഥലം വാങ്ങി 3.9 കോടി രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചതാണെന്നുമാണ് വിജയ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് 2026 ഫെബ്രുവരി 12ന് തന്നെ ഈ വാണിജ്യ കെട്ടിടം 35 കോടി രൂപയ്ക്ക് അദ്ദേഹം വിറ്റഴിച്ചതായി ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
മാത്രമല്ല നീലാങ്കരയിലെ ബംഗ്ലാവ് കുടുംബസ്വത്ത് ആണെന്നാണ് വിജയ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അത് കുടുംബസ്വത്തല്ലെന്നും അദ്ദേഹത്തിന്റെ പിതാവ് എസ്എ ചന്ദ്രശേഖർ 2003ൽ മറ്റൊരാളിൽ നിന്ന് വാങ്ങി 2005ൽ മകന് തനാധാരമായി നൽകിയ സ്വത്താണെന്നും ഇതിൽ കെട്ടിടത്തിന്റെ വിസ്തീർണ്ണത്തിലും വിപണി മൂല്യത്തിലും വൈരുദ്ധ്യങ്ങൾ ഉള്ളതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ആരോപണങ്ങൾ വിജയുടെ അഭിഭാഷകൻ തള്ളിക്കളഞ്ഞു. ഈ ഹർജി പരിഗണിക്കുക പോലും ചെയ്യാതെ തള്ളണമെന്നാണ് വിജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടത്. ജനപ്രാതിനിധ്യ നിയമപ്രകാരം നാമനിർദ്ദേശ പത്രികയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പോലും അത് മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ഫലത്തെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് ഹർജിക്കാരൻ തെളിയിക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. കേസ് കോടതി പരിഗണനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.


Click it and Unblock the Notifications
