'പുലി'യിലെ 15 കോടിയിൽ 5 കോടി മറച്ചുവെച്ചു, വിജയ്ക്ക് വൻ തിരിച്ചടി, 1.5 കോടി പിഴ അടയ്ക്കണമെന്ന് ഹൈക്കോടതി
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് താരത്തിന് മേൽ ചുമത്തിയ 1.5 കോടി രൂപയുടെ പിഴ കോടതി ശരിവച്ചു. പിഴ ചോദ്യം ചെയ്തുള്ള വിജയുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
2019ലെ ആദായനികുതി വകുപ്പിന്റെ ഉത്തരവാണ് ഈ കേസിനാധാരം. 2015ൽ പുറത്തിറങ്ങിയ പുലി എന്ന സിനിമയിലെ പ്രതിഫലത്തിൽ നിന്ന് വിജയ് വരുമാനം മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. 15 കോടി രൂപ പ്രതിഫലത്തിൽ അഞ്ച് കോടി രൂപയോളം പണമായി കൈപ്പറ്റിയെന്നും അത് ആദായനികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. ഇതിനെ തുടർന്നാണ് വകുപ്പ് 1.5 കോടി രൂപ പിഴ ചുമത്തിയത്.
തുടർന്ന് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആദായനികുതി വകുപ്പ് നിയമപരമായ സമയപരിധിക്കപ്പുറം നടപടികൾ വൈകിപ്പിച്ചുവെന്നും പിഴ അസാധുവാക്കാൻ ഈ കാലതാമസം മാത്രം മതിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്.

എന്നാൽ നികുതി നിർണ്ണയ അപ്പീൽ നടപടികളാണ് കാലതാമസത്തിന് കാരണമെന്ന് ആദായനികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല പിഴ നിയമപ്രകാരമാണെന്നും നടപടികളിൽ പിഴവില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. വാദങ്ങൾ കേട്ട ഹൈക്കോടതി ജനുവരി 23ന് വിധി പറയാൻ മാറ്റിവെയ്ക്കുകയും പിന്നീട് വിജയ്യുടെ ഹർജി തള്ളുകയുമായിരുന്നു. വകുപ്പ് ചുമത്തിയ പിഴ സാധുവാണെന്നും കോടതിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും ബെഞ്ച് വിധിച്ചു. തുടർ നിയമനടപടികൾക്ക് വിജയിക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതി വിധിയെ സംബന്ധിച്ച് വിജയും ടിവികെയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ടിവികെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. വിധി വിജയ്യുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമോ എന്ന ചോദ്യത്തിന്, "ഒരിക്കലുമില്ല. അദ്ദേഹം സ്വമേധയാ വരുമാനം വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തതാണ്," എന്നാണ് ടിവികെ നേതാവിന്റെ പ്രതികരണം
അതേസമയം ഡിഎംകെ വിജയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ ഹൈക്കോടതിയുടെ ഈ വിധി അദ്ദേഹത്തിന്റെ സത്യസന്ധതയെ തുറന്ന് കാണിക്കുന്നതാണെന്ന് ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് ആവശ്യമുളളപ്പോൾ കള്ളപ്പണം വേണം. അഴിമതിയെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് എന്ത് ധാർമികതയാണുള്ളത്? അദ്ദേഹം ഒന്നാന്തരം ഒരു ഇരട്ടത്താപ്പുകാരനാണ്, ടിവികെ നേതാവ് തുറന്നടിച്ചു.












Click it and Unblock the Notifications