വിജയ് രണ്ടും കല്‍പ്പിച്ച് തന്നെ; സര്‍വ്വെ ആരംഭിച്ചു... ലക്ഷ്യമിടുന്നത് 2026, വിഎംഐ പറയുന്നത് ഇങ്ങനെ
ചെന്നൈ: നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും പുതിയ വാര്‍ത്ത വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കം (വിഎംഐ) തമിഴ്‌നാട്ടിലുടനീളം പുതിയ സര്‍വ്വെ ആരംഭിച്ചിരിക്കുകയാണ്. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വെ.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയിയുടെ നീക്കങ്ങള്‍ എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ശക്തരായ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണെന്നും വിലയിരുത്തലുണ്ട്. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ഭിന്നച്ചതാണ് ഇതിന് കാരണം.

നേരത്തെ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേര്‍ രാഷ്ട്രീയത്തിലിറങ്ങിയ സംസ്ഥാനമാണ് തമിഴ്‌നാട്. ജയലളിതയും കമല്‍ ഹാസനും എംജിആറുമെല്ലാം ഇതില്‍പ്പെടും. പലരും തിളങ്ങിയില്ലെന്ന് മാത്രം. എംജിആറും ജയലളിതയുമെല്ലാം തിളങ്ങിയെങ്കിലും കമല്‍ഹാസന്‍, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി നിരവധി പേര്‍ ശ്രദ്ധിക്കപ്പെടാതെ പോയി.
നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വ്യക്തമായ സൂചന നല്‍കി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രാരമാണ് പിന്മാറിയതെന്നായിരുന്നു വിശദീകരണം.
വിജയുടെ കാര്യം മറിച്ചാണ്. ഇതുവരെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ വിശ്വനാഥന്‍, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മറിച്ചായിരുന്നു വിജയ് പ്രതികരിച്ചത്. അതേസമയം തന്നെ അദ്ദേഹം വിഎംഐക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിഎംഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു. മികച്ച വിജയം നേടുകയും ചെയ്തു. ഒരു താരാരാധന സംഘടന ഇത്രയും മികച്ച വിജയം തിരഞ്ഞെടുപ്പില്‍ നേടുന്നത് ആദ്യമാണ്. അടുത്തിടെ, ബാബാ സാഹിബ് അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിരവധി സ്ഥലങ്ങളില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സര്‍വ്വെ ഇങ്ങനെ
മുസ്ലിങ്ങള്‍, ക്രൈസ്തവര്‍, പിന്നാക്ക ജാതിക്കാര്‍ ഇവരെയാണ് പ്രധാനമായും വിജയുടെ വിഎംഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് പുതിയ സര്‍വ്വെ സംഘടിപ്പിച്ചിരിക്കുന്നത്. വിഎംഐയുടെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പുസി ആനന്ദ് എല്ലാ യോഗങ്ങളിലും സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
വോട്ടര്‍മാര്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ അടങ്ങയ ഫോറം വിതരണം ചെയ്യുകയാണ് വിഎംഐ. ജന്‍ഡര്‍, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചവര്‍, വോട്ടിങ് ശതമാനം, ജാതി, പൗരപ്രമുഖര്‍, ജോലി, ബൂത്ത് നമ്പര്‍, മൊത്തം വാര്‍ഡുകള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ മണ്ഡല അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്. വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ഭാരവാഹികള്‍ പറയുന്നു.

വിഎംഐയെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാക്കാനുള്ള ശ്രമമാണ് എന്ന് സംഘടനാ ഭാരവാഹികളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 15ന് തുടങ്ങിയ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ മെയ് അവസാനത്തിലാണ് അവസാനിക്കുക. എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ശക്തമാക്കാനും സംഘടന തീരുമാനിച്ചു. പ്രവാസികളെയും സംഘടന ലക്ഷ്യമിടുന്നുണ്ട്.
തമിഴ്‌നാട്ടില്‍ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡരുടെയും ഹിന്ദുത്വരുടെയും. വിജയ് ആണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. സിനിമയിലെ സംഭാഷണങ്ങളില്‍ കവിഞ്ഞ് രാഷ്ട്രീയമായ ഇടപെടലുള്‍ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. 10-35 വയസിന് ഇടയിലുള്ളവരാണ് താരത്തിന്റെ ആരാധകരില്‍ കൂടുതല്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയ പരിതസ്ഥിതി പഠിക്കുകയാകും വിജയ് ആദ്യം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകരായ പ്രിയന്‍ പറയുന്നു. വിജയ് ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കേണ്ടതുണ്ടെന്ന് മറ്റൊരു നിരീക്ഷകന്‍ സുമനാഥ് സി രാമന്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications