രക്ഷകനിൽ നിന്ന് ദുരന്തനായകനിലേക്ക്, വിജയുടെ മാസ്റ്റർ പ്ലാൻ തകർത്തെറിഞ്ഞ കരൂർ, രാഷ്ട്രീയ ഭാവി ഇനിയെന്ത്?
രക്ഷകനായ നായകനില്‍ നിന്നും ഒറ്റയടിക്ക് ചതിയനായ വില്ലനായി വിജയ് മാറിയ രാത്രി ആയിരുന്നു സെപ്റ്റംബര്‍ 27 ശനിയാഴ്ച. ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയക്കളം പിടിക്കാനിറങ്ങിയ വിജയ്ക്ക് കരൂര്‍ ദുരന്തം വമ്പന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിജയുടെ തമിഴക വെട്രി കഴകം കരൂര്‍ വേലുചാമിപുരത്ത് സംഘടിപ്പിച്ച റാലിയാണ് ദുരന്തത്തില്‍ കലാശിച്ചത്.
ആരാധകരും അണികളും തിങ്ങി നിറഞ്ഞപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 41 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങളെ പ്രതീക്ഷിച്ച റാലിയില്‍ അന്ന് എത്തിയത് അതിലും എത്രയോ മടങ്ങ് ആളുകള്‍ ആയിരുന്നു. ഉച്ചയ്ക്ക് വിജയ് എത്തുമെന്ന പ്രതീക്ഷയില്‍ രാവിലെ മുതല്‍ ആളുകള്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു.
എന്നാല്‍ റാലിക്ക് വിജയ് എത്തിയത് നാലര മണിക്കൂര്‍ വൈകി സന്ധ്യയോടെ ആയിരുന്നു. വിജയ് എത്തിയതോടെ ആള്‍ക്കൂട്ടം ഇളകി. പോലീസിനോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ചൂടും ദാഹവും തിരക്കും കാരണം പലരും തളര്‍ന്ന് വീണു. ഗര്‍ഭിണിയായ സ്ത്രീ അടക്കം 29 പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രം ആയിരുന്നുവെന്നത് വ്യക്തമാക്കുന്നു.

വിജയ്ക്കെതിരെ ആരോപണങ്ങള്‍
കരൂരില്‍ ഉണ്ടായത് ടിവികെ ഉത്തരം പറയേണ്ട മനുഷ്യ നിര്‍മ്മിത ദുരന്തം ആണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. ദുരന്തം ഉണ്ടായെന്ന അറിവ് ലഭിച്ചതോടെ സഹായം എത്തിക്കാന്‍ നില്‍ക്കാതെ വിജയ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇത് നടനെതിരെ വലിയ പ്രതിഷേധം ഉയരാന്‍ കാരണമായി.
ടിവികെയുടെ യോഗത്തിന് ആള്‍ത്തിരക്ക് കണക്ക് കൂട്ടി പോലീസ് നിര്‍ദേശിച്ച വേദി ഒഴിവാക്കിയാണ് പാര്‍ട്ടി കരൂര്‍ തിരഞ്ഞെടുത്തത് എന്നും ആരോപണം ഉണ്ട്. വിജയ് യോഗത്തിന് എത്താന്‍ വൈകിയത് മനപ്പൂര്‍വ്വം ആണെന്നും വന്‍ ജനാവലിയുടെ മികച്ച വീഡിയോ ഷോട്ടുകള്‍ക്ക് വേണ്ടിയായിരുന്നു ഈ നീക്കമെന്നും ആരോപണം ഉണ്ട്. മാത്രമല്ല ആള്‍ക്കൂട്ടത്തിന് ആവശ്യത്തിനുളള വെള്ളം പോലും ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചു.
ടിവികെയുടെ വാദം
കരൂര്‍ ദുരന്തം ഡിഎംകെ സര്‍ക്കാരിന് എതിരെ തിരിക്കുകയാണ് വിജയും പാര്‍ട്ടിയും. കരൂരിലെ ദുരന്തം ഡിഎംകെ സര്‍ക്കാര്‍ സഹായത്തോടെയുളള അട്ടിമറി ആണെന്നാണ് ടിവികെ ആരോപിക്കുന്നത്. ഈ ആരോപണത്തിന് ബിജെപിയും ചൂട്ട് പിടിക്കുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാരെ നിയോഗിച്ചില്ലെന്നും റാലിയില്‍ നുഴഞ്ഞ് കയറി ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും ടിവികെ ആരോപിക്കുന്നു.
സുവര്‍ണാവസരമാക്കാന്‍ ബിജെപി
നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും ജനപ്രിയനായ സിനിമാ താരമാണ് വിജയ്. ഈ ഇമേജ് മുന്‍നിര്‍ത്തി തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണ് വെച്ചാണ് വിജയുടെ രാഷ്ട്രീയ പ്രവേശം. ടിവികെയെ കൂടെ നിര്‍ത്താനുളള ശ്രമം ബിജെപി തുടക്കം മുതല്ക്കേ നടത്തുന്നുണ്ട്. എന്നാല്‍ വിജയ് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു.
കരൂര്‍ ദുരന്തത്തോടെ ചിത്രം മാറുമോ എന്നത് കണ്ടറിയേണ്ടതാണ്. വിജയിയെ പിന്തുണയ്ക്കുന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍. തമിഴ്നാടിന്റെ ചുമതലയുളള കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍ കഴിഞ്ഞ ദിവസം വിജയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇപിഎസും വിജയുമായി സംസാരിച്ചിട്ടുണ്ട്. ഡിഎംകെയെ തോല്പിക്കാന് ബിജെപി-എഐഎഡിഎംകെ സഖ്യത്തിനൊപ്പം നില്‍ക്കണം എന്നാണ് ഇപിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ഈ ഓഫര്‍ നിരസിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
സിബിഐ അന്വേഷണം
കരൂര്‍ ദുരന്തത്തില്‍ ടിവികെയുടെ പല പ്രമുഖ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വിപി മതിയഴകന്‍, കരൂര്‍ ടൗണ്‍ സെക്രട്ടറി പൊന്‍രാജ് അടക്കമുളളവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ സ്റ്റാലിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ജസ്റ്റിസ് അരുണ ജഗദീശന്റെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച ടിവികെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ടിവികെ സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണവും എസ്ഐടി അന്വേഷണവും സുപ്രീം കോടതി റദ്ദാക്കി. ഇത് ടിവികെയ്ക്ക് ആശ്വാസമായിരിക്കുകയാണ്. അതേസമയം വിജയ് ബിജെപിയുടെ വലയില്‍ വീണുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
ഡാമേജ് കണ്ട്രോളിന് വിജയ്
കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ട 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്നാണ് ടിവികെ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുന്നതിനൊപ്പം വീട്ടുകാര്‍ക്ക് മാസം തോറും അയ്യായിരം രൂപ വീതം ധനസഹായവും നല്‍കും. കുടംബാഗങ്ങളില് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിജയ് 17ാം തിയ്യതി സന്ദര്‍ശിച്ചേക്കും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications