തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയിയെ പിന്തുണച്ച് എഐഎഡിഎംകെ വിമതർ..24എംഎൽഎമാർ ഒപ്പം
തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വീണ്ടും വൻ ട്വിസ്റ്റ്. മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡീഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തി. സിവി ഷൺമുഖവും എസ്പി വേലുമണിയും നയിക്കുന്ന വിഭാഗമാണ് ടിവികെയ്ക്ക് പിന്തുണ അറിയിച്ചത്. 24 എംഎൽഎമാരാണ് ഇവർക്കൊപ്പം ഉള്ളത്. ഇന്ന് വിജയ്‌യുമായി നേരിട്ട് കൂടിക്കാഴ്ച നേതാക്കൾ അറിയിച്ചു. എഐഎഡിഎംകെ നേതാക്കൾ കൂടി എത്തുന്നതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ എഐഎഡിഎംകെ നേരിട്ട തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളാണ് വിജയ്ക്കൊപ്പം ചേരാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സിവി ഷണ്‍മുഖൻ പറഞ്ഞു. 'ഡിഎംകെയോട് മൂന്ന് തവണയാണ് പാർട്ടി തോറ്റത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിവികെയോട് ഏറ്റുവാങ്ങിയ പരാജയവും പാർട്ടിയെ ദുർബലമാക്കി. ഇനി പാർട്ടിയെ എങ്ങനെ രക്ഷിക്കാം, ഭാവി എങ്ങനെ പുനർനിർമ്മിക്കാം എന്നതാണ് ഞങ്ങളുടെ ചിന്ത', അദ്ദേഹം പറഞ്ഞു.

അതേസമയം, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളേയും ഷൺമുഖം രൂക്ഷമായി വിമർശിച്ചു. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയുമായി സഖ്യം രൂപീകരിക്കാമെന്ന തരത്തിലുള്ള ചർച്ചകൾ പോലും പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
'എഐഎഡിഎംകെ രൂപം കൊണ്ടത് തന്നെ ഡിഎംകെയ്ക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം അവർക്കെതിരെയാണ്. അത്തരമൊരു പാർട്ടിയുമായി കൈകോർക്കുന്നത് പ്രവർത്തകരും ജനങ്ങളും ഒരിക്കലും അംഗീകരിക്കില്ല. ഡിഎംകയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ എഐഎഡിഎംകെയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമായിരുന്നു', ഷൺമുഖം പറഞ്ഞു.
ഇപ്പോൾ യാതൊരു സഖ്യവുമില്ലാത്ത സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അതുകൊണ്ടാണ് വിജയിച്ച ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എഐഎഡിഎംകെയെ പിളർത്തുകയായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്ന് എസ്.പി. വേലുമണി പ്രതികരിച്ചു. 'ഇത് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസമാണ്. ജനറൽ സെക്രട്ടറി ശരിയായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം', അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം വിമതവിഭാഗം ശക്തമായി മുന്നോട്ടുവച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് വീണ്ടും കരുത്തേകാനാണ് ഇപിഎസ് ബിജെപിയുമായി സഖ്യം ചേർന്നതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. എന്നാൽ അതാണ് പാർട്ടിയെ കൂടുതൽ ദുർബലമാക്കിയതെന്നാണ് വിമതരുടെ ആരോപണം.
മറ്റൊരു വശത്ത് ഇപിഎസിനെ പിന്തുണക്കുന്ന കെപി മുനുസ്വാമി, തമ്പിദുരൈ എന്നിവരുള്‍പ്പെടെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തി. പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ നിയന്ത്രിക്കാനും കൂടുതൽ എംഎൽഎമാർ നിലപാട് മാറ്റുന്നത് തടയാനുമാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച തന്നെ എഐഎഡിഎംകെയിലെ ഒരു വിഭാഗം കടുത്ത അസംതൃപ്തി രേഖപ്പെടുത്തി പ്രതികരിച്ചിരുന്നു. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ചില എഐഎഡിഎംകെയിലെ ചില നേതാക്കൾ പുതുച്ചേരിയിലെ ഒരു റിസോർട്ടിൽ തങ്ങുന്ന സാഹചര്യം ഉണ്ടായി. ഇത് തമിഴ്നാട്ടിൽ കുതിരക്കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്ന ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം എഐഎഡിഎംകെ കൂടി എത്തിയതോടെ ഇനി ചെറുകക്ഷികൾ ഇടഞ്ഞാലും വിജയ് സർക്കാരിൻ്റെ നിലനിൽപ്പിനെ ബാധിക്കാൻ ഇടയില്ല. നേരത്തേ 5 എംഎൽഎമാരുള്ള കോണ്‍ഗ്രസും രണ്ട് വീതം അംഗങ്ങളുള്ള ഇടതുപാർട്ടികളും വിസികെയും പിന്തുണച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടക്കാൻ ടിവികെയ്ക്ക് സാധിച്ചത്. 120 പേരുടെ പിന്തുണയാണ് വിജയ് സർക്കാരിന് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളും. അതുകൊണ്ട് തന്നെ ചെറുകക്ഷികൾ ഇടഞ്ഞാൽ വിജയ് സർക്കാർ വീണ്ടും തുലാസിലായേക്കുമെന്ന നിരീക്ഷണങ്ങൾ. എന്നാൽ അത്തരം ആശങ്കൾക്ക് ഇനി അടിസ്ഥാനമില്ലെന്നാണ് ഇപ്പോൾ നിരീക്ഷണങ്ങൾ.












Click it and Unblock the Notifications