വിജയ് ലക്ഷ്യമിട്ടത് മറ്റൊന്ന്; തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ കൈവിടുന്നു, ഒപിഎസ് ഉള്‍പ്പെടെ കസ്റ്റഡിയില്‍
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റില്‍ തമിഴ്‌നാട്ടില്‍ ഉടനീളം ഡിഎംകെ പ്രതിഷേധം. തേനിയില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീല്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എല്ലാ ജില്ലകളിലും പ്രതിഷേധം തുടങ്ങിയതോടെ ക്രമസമാധാന അന്തരീക്ഷം വഷളാകുകയാണ്. പോലീസും വിജയ് സര്‍ക്കാരും എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്.
നടി തൃഷക്കെതിരായ പരാമര്‍ശമാണ് ഉദയനിധിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. രാവിലെ നീലാങ്കരയിലുള്ള വീട്ടില്‍ പോലീസ് എത്തിയതും ഭാര്യയുമായി തര്‍ക്കിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം ടോയ്‌ലറ്റിലാണ് പത്ത് മിനുട്ട് കാത്തിരിക്കൂ എന്ന് ഉദയനിധിയുടെ ഭാര്യ കിറുതിഗ പറഞ്ഞു, എത്ര നേരമായി കാത്തിരിക്കുന്നു ഇനിയും വൈകാന്‍ പറ്റില്ലെന്നും ജോലി ചെയ്യാന്‍ സമ്മതിക്കണം എന്നും പോലീസ് ഓഫീസര്‍ പറയുന്നതുമാണ് വീഡിയോയില്‍.

തൃഷക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗായിക ചിന്മയി ശ്രീപാദ, ബിജെപി നേതാവ് ഖുഷ്ബു തുടങ്ങിയവരെല്ലാം ഉദയനിധിക്കെതിരെ രംഗത്തുവന്നു. അശ്ലീല പരാമര്‍ശം ഒരിക്കലും അനുവദിക്കാനാകില്ലെന്നും സ്ത്രീകളെ രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ചിന്മയി പറഞ്ഞു. ഉദയനിധി മാപ്പ് പറയണം എന്ന് ഖുഷ്ബു ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ രണ്ടുതരം പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകരുടെ പ്രതിഷേധം, ഉദയനിധിയുടെ അറസ്റ്റില്‍ ഡിഎംകെ പ്രതിഷേധം. ഇതോടെ ക്രമസമാധാനം തകരുന്ന മട്ടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പലയിടത്തും ഉപരോധവും വഴിതടയലും നടക്കുന്നുണ്ട്. ടിവികെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു എന്ന് ഡിഎംകെ നേതാവ് ടിആര്‍ബി രാജ കുറ്റപ്പെടുത്തി. ഡിഎംകെ എംപിമാര്‍ വിഷയം രാജ്യസഭയിലും ഉന്നയിച്ചു.
ഉദയനിധിയുടെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി വിജയ്ക്ക് വന്‍ ലക്ഷ്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാവേരി നദീ ജലവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണത്രെ വിജയുടെ ലക്ഷ്യം. തമിഴ്‌നാടും കര്‍ണാടകയും കാവേരി തര്‍ക്കം രൂക്ഷമായിരിക്കെയാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയം മാറിമറിഞ്ഞിരിക്കുന്നത്. അതേസമയം, ഡിഎംകെ വീണുകിട്ടിയ വടിയായി ഈ അവസരത്തെ കാണുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഡിഎംകെ പല ജില്ലകളിലും പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. ഉദയ നിധി സ്റ്റാലിന്റെ അറസ്റ്റോടെ പ്രവര്‍ത്തകരെ ഉണര്‍ത്താനും രാഷ്ട്രീയ രംഗത്ത് സജീവമാക്കാനും സാധിച്ചാല്‍ ഡിഎംകെക്ക് നേട്ടമാകും. നിലവില്‍ ഉദയനിധിയെ തഞ്ചാവൂരിലേക്കാണ് കൊണ്ടുപോയത്. കോടതി ജാമ്യം നല്‍കിയാല്‍ എല്ലാം അവസാനിക്കും. എങ്കിലും രാഷ്ട്രീയ പോര് തുടരും.
1996 ഡിസംബറില്‍ ഡിഎംകെ ഭരണത്തില്‍ ജയലളിതയെ അറസ്റ്റ് ചെയ്തതും 2001 ജൂണില്‍ കരുണാനിധിയെ അര്‍ധരാത്രി അറസ്റ്റ് ചെയ്തതുമായ ചരിത്രം തമിഴ്‌നാട് രാഷ്ട്രീയത്തിനുണ്ട്. അതായത്, തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. അഴിമതിക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് ജയലളിതയെയും തോഴി ശശികലയെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ അണ്ണാഡിഎംകെ അധികാരത്തിലെത്തി ആഴ്ചകള്‍ക്കുള്ളില്‍ പൊടുന്നനെ അഴിമതി പരാതി ഉയരുകയും മണിക്കൂറുകള്‍ക്കകം രാത്രി വീട്ടിലെത്തി കരുണാനിധിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരുണാനിധിയുടെ അറസ്റ്റ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ വലിയ വിവാദമായിരുന്നു. ഫാത്തിമ ബീവിക്ക് ഗവര്‍ണര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്കും നയിച്ചു.





Click it and Unblock the Notifications