തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് 45 കിലോ ചന്ദനം കൈമാറി; നാഗൂര്‍ ദര്‍ഗയില്‍ പൂശും, ഉറൂസ് നവംബര്‍ 10ന്
പ്രശസ്തമായ നാഗൂര്‍ ദര്‍ഗയിലെ ഉറൂസിനോട് അനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് 45 കിലോ ചന്ദനം നല്‍കുന്ന ഉത്തരവ് കൈമാറി. നവംബര്‍ 10ന് നടക്കുന്ന നാഗൂര്‍ ചന്ദനക്കുടം ആഘോഷ കൊടിയേറ്റത്തിന്റെ ഭാഗമായിട്ടാണ് ചന്ദനം കൈമാറുന്നത്. ഇതിന് വേണ്ടി തമിഴ്‌നാട് വനംവകുപ്പ് ചന്ദനം നല്‍കും. ബന്ധപ്പെട്ട ഉത്തരവ് നാഗൂര്‍ ദര്‍ഗ പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി കൈമാറിയത്.
നാഗൂരിലെ ഉറൂസിന് കന്തൂരി ഉല്‍സവം എന്നും പറയാറുണ്ട്. രണ്ടാഴ്ചയോളം നീളുന്ന ദര്‍ഗയിലെ പ്രധാന വാര്‍ഷിക ആഘോഷമാണിത്. സയ്യിദ് ഷാഹുല്‍ ഹമീദിന്റെ ഖബറിടത്തില്‍ പൂശുന്നതിനാണ് ചന്ദനം നല്‍കുന്നത്. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. എല്ലാ വര്‍ഷവും തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചിത അളവില്‍ ചന്ദനം കൈമാറുന്ന ഉത്തരവ് പുറപ്പെടുവിക്കും. 45 കിലോ ചന്ദനമാണ് വനംവകുപ്പ് അനുവദിക്കുക.

ഉറൂസിനോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് ഖബറിടത്തില്‍ ചന്ദനം പൂശുക എന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായിട്ടാണ് ചന്ദനം നല്‍കുന്നത്. വനംവകുപ്പിന്റെ കൈവശമുള്ള ചന്ദനത്തില്‍ നിന്നാണ് ദര്‍ഗയ്ക്ക് കൈമാറുകയത്രെ. വര്‍ഷങ്ങളായി തുടരുന്ന ഈ രീതി ഇത്തവണ മുഖ്യമന്ത്രി വിജയ് നിര്‍വഹിച്ചു. വിജയില്‍ നിന്ന് ബന്ധപ്പെട്ട ഉത്തരവ് നാഗൂര്‍ ദര്‍ഗ മാനേജിങ് ട്രസ്റ്റി ഹാജ നജീമുദ്ദീന്‍ സാഹിബ് ഏറ്റുവാങ്ങി.
ന്യൂനപക്ഷകാര്യ മന്ത്രി എഎം ഷാജഹാന്‍, തൊഴില്‍ വകുപ്പ് മന്ത്രി ജെ മുഹമ്മദ് ഫവാസ്, വനം മന്ത്രി ആര്‍വി രഞ്ജിത് കുമാര്‍, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനും രാമനാഥപുരം എംപിയുമായ മുസ്ലിം ലീഗ് നേതാവ് കെ നവാസ് കനി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തമിഴ്‌നാട്ടിലെ മതസൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ് നാഗൂര്‍ ദര്‍ഗ ഉറൂസ്. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന ആഘോഷത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ എത്താറുണ്ട്.
പുതിയ ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിയെ കണ്ടു
തമിഴ്‌നാട്ടില്‍ നിന്നുള്ള പുതിയ ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ പ്രിയ, എസ് പ്രസന്ന രാമസ്വാമി, എം ഇന്ദുമതി, ആര്‍ രാജകിറുബകരന്‍, എസ് സംഗീത, കെ പ്രിയ, എം മണിമേഘല, എ മീന പ്രിയദര്‍ശിനി, എന്‍ കാളിദാസ്, ടി സെങ്കോട്ടയ്യന്‍, എസ് ശാന്തി തുടങ്ങിയ പുതിയ ഓഫീസര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്.
ചെന്നൈയിലെ ഓസ്‌ട്രേസിലന്‍ കോണ്‍സല്‍ ജനറല്‍ സിലായ് സാക്കി, വൈസ് കോണ്‍സല്‍ ജനറല്‍മാരായ കത്രീന നാപ്പ്, അലക്‌സാണ്ടര്‍ വെനിസിയാനോ, മാനേജര്‍ വി കാര്‍ത്തികേയന്‍ എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ യു സുബ്ബറാവു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലെ റെയില്‍വെ വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ വിജയ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും വിജയ് വാഗ്ദാനം ചെയ്തു.


Click it and Unblock the Notifications
