'വരത്തന്‍' അല്ല, നിങ്ങളില്‍ ഒരുവന്‍ വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരമ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കും. ഇവിടെ അദ്ദേഹം കോടികള്‍ വിലയുള്ള പുതിയ വീട് നോക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ടിവികെ പ്രവര്‍ത്തകര്‍ക്ക് വലിയ സ്വാധീനമുള്ള വടക്കന്‍ ചെന്നൈയിലെ മണ്ഡലമാണ് പേരമ്പൂര്‍. എന്നാല്‍ വര്‍ഷങ്ങളായി ഡിഎംകെയുടെ കോട്ടയുമാണ്.
വ്യക്തിപരമായി പല പ്രതിസന്ധികളും നേരിടുമ്പോള്‍ തന്നെയാണ് വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി അടുത്ത മാസം 20നാണ് കോടതി പരിഗണിക്കുന്നത്. അന്ന് വിജയിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 23നാണ് വോട്ടെടുപ്പ്. പേരമ്പൂരില്‍ ഒരു പാര്‍ട്ടിയും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇവിടെ നടത്തിയ അഭിപ്രായ സര്‍വെ ഫലം പുറത്തുവന്നു.

ക്രൈസ്തവര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും സ്വാധീനമുള്ള മണ്ഡലമാണ് പേരമ്പൂര്‍. ഇടത്തരക്കാരും സാമ്പത്തികമായി പിന്നാക്കമുള്ളവരുമാണ് ഇവിടെ കൂടുതല്‍. വിജയ് പേരമ്പൂരില്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ടിവികെയുടെ പ്രചാരണം. എന്നാല്‍ വിജയ് ഇവിടെ തന്നെ മല്‍സരിക്കുമോ എന്ന് ടിവികെ നേതൃത്വം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനിടെയാണ് വിജയ് ഇവിടെ വീട് വാങ്ങുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
കെട്ടിയറക്കിയ സ്ഥാനാര്‍ഥി എന്ന പ്രചാരണത്തിന് സാധ്യതയുള്ളതായി ടിവികെ മനസിലാക്കുന്നു. ഇതാണ് മണ്ഡലത്തില്‍ വീട് വാങ്ങി താമസിച്ച് പ്രചാരണം നടത്താന്‍ വിജയ് ആലോചിക്കുന്നതത്രെ. രാഷ്ട്രീയ നിരീക്ഷകനായ രമേശ് ബാലയാണ് വിജയ് വീട് നോക്കുന്ന കാര്യം എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചത്. പുറത്തുനിന്നുള്ള ആളല്ലെന്നും നിങ്ങളോടൊപ്പമുണ്ട് എന്ന് ഉറപ്പിക്കാനുമാണ് വിജയുടെ നീക്കം.
വിജയ് ജയിക്കില്ല എന്ന് സര്‍വ്വെ ഫലം
കണ്ണദാസന്‍ നഗറിലെ കൊടുങ്ങയൂരിലാണ് വിജയ് പുതിയ വീട് നോക്കുന്നതത്രെ. രണ്ട് ദിവസത്തിനകം വിജയ് പ്രചാരണം തുടങ്ങും എന്നാണ് ടിവികെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വിജയ്ക്ക് മണ്ഡലത്തില്‍ ജയിക്കാന്‍ സാധിക്കില്ല എന്നാണ് അഗ്നി ന്യൂസ് സര്‍വീസ് നടത്തിയ അഭിപ്രായ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. 9.7 ശതമാനം വോട്ട് നേടി അദ്ദേഹം രണ്ടാംസ്ഥാനത്താണ് എത്തുക എന്നും സര്‍വ്വെ പറയുന്നു.
ഐസിഎഫ് കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് പേരമ്പൂര്‍. വണ്ണിയാര്‍, വോഡയാര്‍, തേവര്‍, മുതലിയാന്‍ സമുദായത്തിലുള്ളവരാണ് ഇവിടെ കൂടുതലും. ടിവികെക്ക് നിരവധി പ്രവര്‍ത്തകരുള്ള മണ്ഡലവുമാണിത്. ഇതിനകം മണ്ഡലത്തിലെ 40000 പേരുമായി ബന്ധപ്പെട്ടു എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന പറയുന്നു.
സിറ്റിങ് എംഎല്‍എ ആര്‍ഡി ശേഖറിനെ തന്നെ ഡിഎംകെ മല്‍സരിപ്പിച്ചേക്കും. വണ്ണിയാര്‍ സമുദായ അംഗമായ ഇദ്ദേഹത്തിന് മികച്ച ജനപിന്തുണയുണ്ട്. വൊഡയാര്‍ സമുദായ അംഗമായ എംഎ സേവിയറിനെ അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയാക്കിയേക്കും. അതേസമയം, ന്യൂസ് 18 നടത്തിയ മറ്റൊരു സര്‍വെയില്‍ പറയുന്നത് ടിവികെ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ്. തമിഴ്‌നാട് ഭരിക്കാനുള്ള വിജയുടെ ആഗ്രഹം നടക്കില്ലെന്നാണ് സര്‍വ്വെയിലെ സൂചന.












Click it and Unblock the Notifications