വിജയ് കരുത്തന്‍; നേരിടാന്‍ എടപ്പാടി പോര, ശശികല തിരിച്ചെത്തുമോ, തമിഴകത്ത് കരുനീക്കം സജീവം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അണ്ണാഡിഎംകെയിൽ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ (ഇപിഎസ്) ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമെന്ന വിമർശനം ശക്തമാണ്. മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരെ എത്രയും വേഗം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് അണികൾക്കിടയിൽ നിന്നും ഇപ്പോൾ ഉയരുന്നത്.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനമാണ് ഇപ്പോൾ അധികാര മോഹങ്ങളുടെയും ഉൾപ്പോരുകളുടെയും പേരിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നത്. ശശികല, ദിനകരൻ, ഒ. പന്നീർസെൽവം (ഒപിഎസ്) തുടങ്ങിയ മുൻനിര നേതാക്കളെ ഒന്നൊന്നായി പുറത്താക്കി ഇപിഎസ് പാർട്ടിയിൽ അപ്രമാദിത്യം സ്ഥാപിക്കുകയായിരുന്നു. എന്നാൽ തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ പാർട്ടിക്കുള്ളിൽ ഇപിഎസിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയെ പിടിച്ചുകുലുക്കിയത് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സൃഷ്ടിച്ച തരംഗമാണ്. പ്രമുഖ മുന്നണികളെ പോലും അമ്പരപ്പിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി അണ്ണാഡിഎംകെ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വീഴ്ച ഇപിഎസിന് വലിയ തിരിച്ചടിയായി മാറി.
പിന്നാലെ അണ്ണാഡിഎംകെയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതാണ് കാണാൻ കഴിഞ്ഞത്. കൊങ്കു മേഖലയിലും ദക്ഷിണ തമിഴ്‌നാട്ടിലും പാർട്ടിയുടെ മുഖമായിരുന്ന മുൻ മന്ത്രിമാരായ സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, കടമ്പൂർ രാജു തുടങ്ങിയവര് രാജിവെച്ച് ടിവികെയിൽ ചേക്കേറി. ഇത് പാർട്ടിയുടെ താഴെത്തട്ടിലുള്ള സ്വാധീനത്തെയും അടിത്തറയെയും ഒരുപോലെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്.
ശശികല ഒരുക്കിയ രഹസ്യ കെണി
തോൽവിയെ തുടർന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഇപിഎസിന്റെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗങ്ങൾ നടക്കുകയാണ്. കുംഭകോണത്തു നടന്ന യോഗത്തിൽ പാർട്ടി ഭാരവാഹികളിലൊരാൾ ടി.ടി.വി. ദിനകരനെ അണ്ണാഡിഎംകെയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഇപിഎസിനോട് നേരിട്ട് ആവശ്യപ്പെട്ടു.
മറുവശത്ത് വി.കെ. ശശികല വളരെ ആസൂത്രിതമായി ഇപിഎസിനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞിരുന്നതായാണ് ഡെൽറ്റ മേഖലയിലെ പാർട്ടി വക്താക്കൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്വന്തമായി വിജയിച്ചാൽ ഇപിഎസ് കൂടുതൽ ശക്തനാകുമെന്നും അത് തങ്ങളുടെ തിരിച്ചുവരവ് എന്നെന്നേക്കുമായി തടയുമെന്നും ശശികല ഭയപ്പെട്ടിരുന്നു. ഇതിനാൽ തന്നെ പാട്ടാളി മക്കൾ കക്ഷി (പിഎംകെ) പോലുള്ള ശക്തരായ കക്ഷികളുമായി അണ്ണാഡിഎംകെ സഖ്യം ചേരുന്നത് തടയാന് ശശികലയുടെ അനുയായികൾ പരമാവധി ശ്രമിച്ചു.
ഇതിനുപുറമെ അണ്ണാഡിഎംകെ സ്ഥാനാർത്ഥികൾക്കെതിരെ വലിയൊരു വിഭാഗം വിമതരെ മത്സരരംഗത്തിറക്കി പരാജയപ്പെടുത്താനും ശശികലയുടെ വിശ്വസ്തർക്ക് കഴിഞ്ഞു. ഇതോടെ ഇപിഎസ് പൂർണ്ണമായും പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പദവി തിരിച്ചുപിടിക്കാനുള്ള അനുകൂല സാഹചര്യമാണ് ശശികലയ്ക്ക് മുന്നിൽ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പഴയ എല്ലാ നേതാക്കളെയും തിരിച്ചെത്തിക്കാന്‍ എടപ്പാടി ശ്രമിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അണ്ണാഡിഎംകെ നേതാക്കള്‍ ഒരുമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്.















Click it and Unblock the Notifications