വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന്‍ കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം
നടനും രാഷ്ട്രീയ നേതാവുമായ വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ചേരുമോ എന്ന അഭ്യൂഹങ്ങൾ ശക്തം. തമിഴക വെട്രി കഴകം (ടിവികെ) എന്ന തന്റെ പാർട്ടിയുമായി തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ ശക്തിയായി മാറാനാണ് വിജയ് ലക്ഷ്യമിടുന്നത്.
ഡിഎംകെ വിരുദ്ധ ക്യാമ്പിലേക്ക് വിജയിയെ കൊണ്ടുവരാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. എൻഡിഎയിൽ ചേരാൻ ബിജെപിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും വിജയിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ ബിജെപി വക്താവ് എ.എൻ.എസ്. പ്രസാദ്, എൻഡിഎയിൽ ചേരാൻ വിജയിയോട് പരസ്യമായി അഭ്യർത്ഥിച്ചു. ഡിഎംകെ വിരുദ്ധ വോട്ടുകൾ പല പ്രതിപക്ഷ പാർട്ടികൾക്കുമിടയിൽ ഭിന്നിക്കുന്നത് തടയാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസേന പാർട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ, വിജയിയുമായി നേരിട്ട് സംസാരിച്ച് തന്ത്രപരമായ രാഷ്ട്രീയ തീരുമാനം എടുക്കാൻ ഉപദേശിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ റിപ്പോർട്ട്. ഈ ചർച്ചയിൽ, പവൻ കല്യാൺ തന്റെ രാഷ്ട്രീയ യാത്ര ഒരു ഉദാഹരണമായി പങ്കുവെച്ചതായും പറയപ്പെടുന്നു.
സഹോദരനായ ചിരഞ്ജീവിയും താനും പൊതുയോഗങ്ങളിൽ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. "തിരുപ്പതിയിൽ നടന്ന സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടും എന്റെ സഹോദരൻ ചിരഞ്ജീവിക്ക് അവിടെ വിജയിക്കാൻ കഴിഞ്ഞില്ല. എനിക്കും വിജയിക്കാൻ കഴിഞ്ഞില്ല," അദ്ദേഹം വിജയിയോട് പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
''തെലുങ്ക് ദേശം പാർട്ടിയുമായും ബിജെപിയുമായും ചേർന്ന് ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേർന്നതിന് ശേഷമാണ് തന്റെ തലവര മാറിയതെന്നും പവൻ കല്യാൺ വിശദീകരിച്ചു. സഖ്യതന്ത്രം രാഷ്ട്രീയ പ്രസക്തി നിലനിർത്താനും തിരഞ്ഞെടുപ്പ് ഫലങ്ങൾ നേടാനും സഹായിച്ചു. അതിലൂടെ രണ്ട് എംപിമാരെയും 23 എംഎൽഎമാരെയും വിജയിപ്പിച്ചുകൊണ്ട് രാഷ്ട്രീയം നിലനിർത്താൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ട്, നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ നിങ്ങളും തന്ത്രപരമായി പ്രവർത്തിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരണം," പവൻ കല്യാൺ ഉപദേശിച്ചു.
വിജയിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം ഊര്‍ജിതം
തമിഴ്നാട്ടിൽ വിജയ് പ്രതിപക്ഷ സഖ്യത്തിൽ ചേരുകയാണെങ്കിൽ, സാധ്യമായ സീറ്റ് വിഭജന ക്രമീകരണങ്ങളെക്കുറിച്ചും രാഷ്ട്രീയ നിരീക്ഷണങ്ങൾ സജീവമാണ്. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നയിക്കുന്ന സഖ്യത്തിന്റെ ഭാഗമാവുകയാണെങ്കിൽ ടിവികെയ്ക്ക് കുറഞ്ഞത് 50 നിയമസഭാ മണ്ഡലങ്ങൾ ലഭിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സഖ്യം വിജയിച്ച് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാമെന്നും ചില ചർച്ചകൾ നടക്കുന്നുണ്ട്.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല. ബിജെപി വിജയിയെ സമീപിച്ചുള്ള നീക്കങ്ങൾ വിജയിക്കുകയും അദ്ദേഹം പ്രതിപക്ഷ സഖ്യത്തിൽ ചേരുകയും ചെയ്താൽ, തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം മാറിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഈ നീക്കം ഡിഎംകെ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനും അടുത്ത തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിക്ക് ശക്തമായ വെല്ലുവിളിയുയർത്താനും സാധ്യതയുണ്ട്. എന്നാല്‍ ബിജെപിയുമായി യാതൊരു ഐക്യശ്രമത്തിനും വിജയ് തയ്യാറാകാന്‍ സാധ്യതയില്ല. ആദര്‍ശ ശത്രുവാണ് ബിജെപി എന്നാണ് വിജയ് വ്യക്തമാക്കിയത്. കരൂര്‍ കേസ്, ജനനായകന്‍ റിലീസ് എന്നീ കാര്യങ്ങള്‍ വിജയിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബിജെപി ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications