വിജയ് സാര്‍ കളംവിട്ടു; ധനുഷ് അഭിനയം നിര്‍ത്തരുത് എന്ന് സായ് പല്ലവി, നടന്റെ പ്രതികരണം ഇങ്ങനെ
വിജയ്ക്ക് പിന്നാലെ ധനുഷ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ക്കിടെ നടി സായ് പല്ലവി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഓം ചാപ്റ്റര്‍ 1 ഉധിരം ദി ബ്ലഡ് വുഡ് എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സായ് പല്ലവിയുടെ പ്രതികരണം. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ്ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്.
സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ ചിത്രം. ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതു തന്നെയാണ് പ്രത്യേകത. ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തില്‍ അഭിനയിച്ച മാരി 2 മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഓം ചാപ്റ്റര്‍ 1. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി റിലീസ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ വേളയിലാണ് സായ് പല്ലവി ധനുഷിനോട് ചില അഭ്യര്‍ഥനകള്‍ നടത്തിയത്.

ഇങ്ങോട്ട് വരുന്ന വേളയില്‍ നിരവധി കൊടികള്‍ കണ്ടു. ഒരു രാഷ്ട്രീയ പരിപാടി പോലെ തോന്നിക്കുന്നു. താങ്കള്‍ എന്തുതന്നെ ചെയ്താലും പിന്തുണയ്ക്കും. അടുത്തിടെയാണ് വിജയ് സര്‍ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ സജീവമായത്. ധനുഷ് സാറിനോട് ഒരു അഭ്യര്‍ഥനയുണ്ട്. താങ്കള്‍ എപ്പോഴും അഭിനയ മേഖലയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു സായ് പല്ലവിയുടെ വാക്കുകള്‍.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിയാണ് ധനുഷ് പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്ന് അദ്ദേഹം പറഞ്ഞതുമില്ല. ''തന്നെ കുറിച്ച് നിരവധി ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മറ്റാരോ തന്നെ നിയന്ത്രിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. തന്നെ നയിക്കുന്നത് ദൈവം മാത്രമാണ്. തന്റെ ആരാധകര്‍ പിന്നിലുണ്ട്. ജനങ്ങള്‍ തന്റെ ഭാഗത്താണ്''- ധനുഷ് പറഞ്ഞു.
ആയിരക്കണക്കിന് ധനുഷ് ആരാധകര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. ടിക്കറ്റ് എടുത്ത പലര്‍ക്കും ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറാന്‍ സാധിക്കാതെ വന്നതോടെ ബഹളമായി. പോലീസുമായും ആരാധകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയും ചെയ്തു. വിഷയത്തില്‍ ധനുഷ് എക്‌സില്‍ പ്രതികരിച്ചു. എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നു, ഖേദമുണ്ട്. പോലീസ് അന്വേഷണം വേണ്ടതില്ലെന്നും ധനുഷ് കുറിച്ചു.
ആരാധക കൂട്ടായ്മ അടുത്തിടെ സജീവമാക്കുകയും കൊടിയും പുതിയ മുദ്രാവാക്യങ്ങളും മുഴക്കുകയും ചെയ്തതോടെയാണ് ധനുഷ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്. സേവന മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഇവരോട് ധനുഷ് നിര്‍ദേശിച്ചു. വിജയ് സഞ്ചരിച്ച വഴിയേ ആണ് ധനുഷ് വരുന്നത് എന്ന ചര്‍ച്ചയ്ക്ക് ഇതിടയാക്കി. എന്നാല്‍ വിജയിയെ വെല്ലാന്‍ ധനുഷിനെ ഇറക്കി ആര്‍എസ്എസ് ആണ് കളിക്കുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു. രജനികാന്തിനെ കളത്തിലിറക്കാനുള്ള ആര്‍എസ്എസ് നീക്കം പരാജയപ്പെട്ടതോടെയാണ് ധനുഷിനെ ഇറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications
