എന്തിന് 4 ദിവസം? വിജയുടെ ലണ്ടന്‍ യാത്രയില്‍ നിന്ന് ഒഴിഞ്ഞത് ആര്‍ത്തവം കാരണമാണോ; മന്ത്രിയുടെ മറുപടി
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ വ്യവസായ മന്ത്രി എസ് കീര്‍ത്തന ഭാഗമാകാതിരുന്നതിനെ ചൊല്ലി വിവാദം. സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാനാണ് മുഖ്യമന്ത്രി ബ്രിട്ടനിലേക്ക് പോയത്. എന്നിട്ടും വ്യവസായ മന്ത്രി എന്തുകൊണ്ട് പ്രതിനിധി സംഘത്തില്‍ ചേര്‍ന്നില്ല എന്ന് പ്രതിപക്ഷം ചോദിക്കുന്നു.
മന്ത്രി കീര്‍ത്തനയ്ക്ക് ആരോഗ്യ കാരണങ്ങളാല്‍ നാല് ദിവസം വിശ്രമം വേണ്ടി വന്നതിനാലാണ് ലണ്ടന്‍ യാത്രയില്‍ ഭാഗമാകാതിരുന്നത് എന്ന് മന്ത്രി ആദവ് അര്‍ജുന വിശദീകരിച്ചു. തൊട്ടുപിന്നാലെ ഡിഎംകെ നേതാവ് വൈഷ്ണവി രംഗത്തുവന്നു. സാധാരണ എല്ലാ സ്ത്രീകള്‍ക്കും ശരീരത്തില്‍ സംഭവിക്കുന്ന ജൈവികമായ മാറ്റങ്ങള്‍ കാരണമാണോ കീര്‍ത്തന പിന്മാറിയത്. ആര്‍ത്തവം പോലുള്ള കാര്യങ്ങള്‍ എന്തിന് ഒരു കാരണമായി പറയുന്നു എന്നും വൈഷ്ണവി ചോദിച്ചു.

സമാനമായ അഭിപ്രായവുമായി പല നേതാക്കളും രംഗത്തുവന്നതോടെ മന്ത്രി കീര്‍ത്തന പ്രതികരിച്ചു. ''നേരത്തെയുള്ള മുറിവ് കാരണം ശരീരത്തില്‍ ഒരു മെഡിക്കല്‍ ഇംപ്ലാന്റ് നടന്നിരുന്നു. ഇത് നീക്കം ചെയ്യാനാണ് നാല് ദിവസം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നത്. ഈ മാസം ആദ്യത്തില്‍ തന്നെ ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു...
എച്ച്ഡി ഹുണ്ടായിയുമായി സെപ്തംബര്‍ ഒമ്പതിന് ചര്‍ച്ച നിശ്ചയിച്ചതിനാലാണ് അത് കഴിഞ്ഞ് ആശുപത്രിയിലേക്ക് പോകാമെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് വേണ്ടി കാര്യങ്ങള്‍ ഓണ്‍ലൈന്‍ ആയി താന്‍ ചെയ്തു കൊടുത്തിരുന്നു. ഒരാളുടെ ആരോഗ്യം എന്നത് വ്യക്തിപരമായ വിഷയമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരസ്യമായി പറയുക, വ്യക്തിപരമായത് പറയാതിരിക്കുക എന്ന നയമാണ് തന്റേത്...
നാലു ദിവസത്തിന് ശേഷം വീണ്ടും ജോലി ചെയ്യുന്നുണ്ട്. വിവിധ കമ്പനികളുമായി ബന്ധപ്പെട്ടു, നിക്ഷേപ ചര്‍ച്ചകള്‍ നടത്തി, തമിഴ്‌നാടിന് പുതിയ സാധ്യതകള്‍ തേടി വരികയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. തമിഴ്‌നാടിന് വേണ്ടി പുതിയ നിക്ഷേപം കണ്ടെത്തലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണ് തന്റെ ലക്ഷ്യമെന്നും'' കീര്‍ത്തന പറഞ്ഞു.
കീര്‍ത്തനയുടെ തോളെല്ലിന് ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു എന്ന് ടിവികെ എംഎല്‍എ കനിമൊഴി സന്തോഷ് പറഞ്ഞു. അവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ആധവ് അര്‍ജുന വ്യവസായ മന്ത്രി അവധിയാണെന്ന് അറിയിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ഒന്നടങ്കം കാരണം തേടി ഇറങ്ങിയിരിക്കുകയാണ്. എല്ലാവരുടെയും ചിന്ത പോകുന്നത് ആര്‍ത്തവത്തിലേക്കാണ്. ഒരു വ്യക്തിക്ക് മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ. എല്ലാവരുടെയും ചിന്ത ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷത്തിന്റെ മനോനില കാരണമണ് എന്നും കനിമൊഴി സന്തോഷ് പറഞ്ഞു.


Click it and Unblock the Notifications
