വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം
പുതുച്ചേരിയില്‍ ടിവികെ പ്രചാരണ റാലിക്കിടെ വിജയ് സുരക്ഷാ ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറല്‍. തന്റെ അനുയായിയായ വൃദ്ധനോട് സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയതാണ് വിജയിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ജീവനക്കാരനെ അല്‍പ്പം പിന്നോട്ട് മാറ്റി നിര്‍ത്തി. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു വിജയ്.
റോഡിന്റെ ഇരുവശങ്ങളിലും വിജയിയെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയിരുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടം വിജയിയെ കാണാന്‍ വന്നിരുന്നു. എല്ലാവരെയും കൈവീശി കാണിച്ചും കൈകൂപ്പി നന്ദി പ്രകടിപ്പിച്ചുമാണ് വിജയ് തുറന്ന വാഹനത്തില്‍ കടന്നുപോയത്. അതിനിടെയാണ് അനിഷ്ടകരമായ സംഭവം.

വിജയുടെ വാഹനത്തിലും വാഹനത്തിന്റെ വശങ്ങളിലും സുരക്ഷാ ജീവനക്കാരുണ്ടായിരുന്നു. വാഹനം കടന്നുപോകുന്നതിന് സൗകര്യം ഒരുക്കാനും ആളുകള്‍ വാഹനത്തിന് മുന്നിലേക്ക് വരുന്നത് തടയാനുമായിരുന്നു സുരക്ഷ. അതിനിടെയാണ് പ്രായംകൂടിയ ഒരാള്‍ വാഹനത്തിന് അടുത്തേക്ക് വന്ന് വിജയിയെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ചത്. ഈ വേളയില്‍ ഗാര്‍ഡ് ഇദ്ദേഹത്തെ പിടിച്ചുതള്ളുകയായിരുന്നു. ഇത് വിജയിയുടെ ശ്രദ്ധയില്‍പ്പെട്ടു.
വിജയ് സുരക്ഷാ ജീവനക്കാരനോട് ഉച്ചത്തില്‍ സംസാരിച്ചു. ഈ വേളയില്‍ ഗാര്‍ഡിനെ വാഹനത്തിന്റെ പിന്‍ഭാഗത്തേക്ക് മാറ്റി. പ്രായമുള്ള വ്യക്തിയോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം വിജയിയെ അസ്വസ്ഥനാക്കി എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് വന്നത്. വിജയിയെ പലരും പ്രശംസിച്ചു. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ അറിയില്ല എന്ന വിമര്‍ശനമാണ് മറ്റുചിലര്‍ ഉന്നയിച്ചത്.
പുതുച്ചേരിയില്‍ ട്രെന്‍ഡ് മാറ്റി വിജയ്
കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ വിമര്‍ശിച്ചാണ് പുതുച്ചേരിയില്‍ വിജയ് സംസാരിച്ചത്. പുതുച്ചേരിക്ക് എന്തുകൊണ്ട് സംസ്ഥാന പദവി നല്‍കുന്നില്ല എന്ന ചോദ്യമാണ് വിജയ് ഉന്നയിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഏറെ കാലം കേന്ദ്രം ഭരിച്ചിട്ടും എന്തുകൊണ്ട് പുതുച്ചേരിയെ അവഗണിച്ചു എന്നും വിജയ് ചോദിക്കുന്നു.
പുതുച്ചേരിക്ക് സംസ്ഥാന പദവി കിട്ടാന്‍ വേണ്ടി ശ്രമിക്കും എന്നാണ് ടിവികെയുടെ വാഗ്ദാനം. ഫ്രഞ്ച് കോളനിയായിരുന്നു പുതുച്ചേരി. 1962ലാണ് സ്വതന്ത്ര ഇന്ത്യയോട് ചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് വൈകി സ്വതന്ത്രമായ പ്രദേശങ്ങളെല്ലാം കേന്ദ്ര ഭരണ പ്രദേശമാക്കി. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുക കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.
പ്രാദേശിക കക്ഷിയായ അഖിലേന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ് നിലവില്‍ പുതുച്ചേരി ഭരിക്കുന്നത്. ആറ് മാസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ്, 25 ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 200 യൂണിറ്റ് വൈദ്യുതി ഫ്രീ എന്നിവയെല്ലാമാണ് ടിവികെയുടെ വാഗ്ദാനങ്ങള്‍. നീയം മക്കള്‍ കഴകം (എന്‍എംകെ)യുമായി സഖ്യം ചേര്‍ന്നാണ് ടിവികെ പുതുച്ചേരിയില്‍ മല്‍സരിക്കുന്നത്. 28 സീറ്റില്‍ ടിവികെയും 2 സീറ്റില്‍ എംഎംകെയും മല്‍സരിക്കുന്നു. 33 അംഗ നിയമസഭയാണ് പുതുച്ചേരിയില്‍. 3 അംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.
വിജയുടെ പുതുച്ചേരി റാലി വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക












Click it and Unblock the Notifications