ഒൻപതിനായിരം കോടി തട്ടിച്ച് മുങ്ങിയ വിജയ് മല്യ ദാ ഇവിടെ.. ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാൻ ഓവലിൽ
ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനിലെ ഓവലില്‍ എത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.
ഈ വിവാദ മദ്യരാജാവിനെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് ലോകകപ്പ് മത്സരം കാണാന്‍ കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണ് ഓസ്‌ട്രേലിയയുമായി ഞായറാഴ്ച നടക്കുന്നത്.

താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.
മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതുമായി ബന്ധപ്പെട്ടാണ് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ കേസ് നടക്കുന്നത്. തന്നെ തിരികെ അയക്കരുത് എന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് താന്‍ എന്നുമാണ് മല്യയുടെ വാദം. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെ ഇരയാണ് താനെന്ന മല്യയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2016 മാര്‍ച്ചിലാണ് വായ്പ്പാ തട്ടിപ്പ് കേസില്‍ കുരുക്കിലായ മല്യ രാജ്യം വിട്ട് ഇംഗ്ലണ്ടിലേക്ക് കടന്നത്.












Click it and Unblock the Notifications