വിജയുടെ മാസ്റ്റര്‍ പ്ലാന്‍ റെഡി; അണ്ണാഡിഎംകെയെ മുക്കും, നാലിടത്ത് സെങ്കോട്ടയ്യന്‍ പണി തുടങ്ങി
ചെന്നൈ: അണ്ണാഡിഎംകെ നേതാവായിരുന്ന കെഎ സെങ്കോട്ടയ്യന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചിത്രം മാറുകയാണ്. സെങ്കോട്ടയ്യനെ ഉപയോഗപ്പെടുത്തി അണ്ണാഡിഎംകെയല്‍ നിന്ന് പ്രധാന നേതാക്കളെ ടിവികെയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. രണ്ടാംനിര, മൂന്നാം നിര നേതാക്കളെയാണ് ടിവികെ ആകര്‍ഷിക്കുന്നത്. അതിനൊപ്പം പ്രധാന നേതാക്കളില്‍ ചിലര്‍ അണ്ണാഡിഎംകെ വിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്.
അണ്ണാഡിഎംകെയില്‍ നിരവധി പേര്‍ അസംതൃപ്തരാണ്. ഇവരില്‍ ജനകീയരായവരെയാണ് ടിവികെ നോട്ടമിടുന്നത്. ജാതി പിന്തുണയുള്ള നേതാക്കളെ ടിവികെയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമാകും. ഗൗണ്ടര്‍ സമുദായത്തിലെ നേതാക്കളെയാണ് പ്രധാനമായും ടിവികെ ആകര്‍ഷിക്കുക. അതാകട്ടെ, അണ്ണാഡിഎംകെ ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമിക്ക് വലിയ തിരിച്ചടിയുമാകും.

ടിവികെയില്‍ ജനകീയ മുഖങ്ങള്‍ ഇല്ലാത്തത് പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണ്. വിജയ് മാത്രമാണ് എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്. പരിചയ സമ്പന്നരായ രാഷ്ട്രീയ നേതാക്കളില്ലാത്തതിന്റെ തിരിച്ചടി കരൂര്‍ ദുരന്ത വേളയില്‍ പാര്‍ട്ടി നേരിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രമുഖരെ ടിവികെയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്.
സെങ്കോട്ടയ്യന്‍ അണ്ണാഡിഎംകെയിലെ മുതിര്‍ന്ന നേതാവായിരുന്നു. എംജിആറിനൊപ്പവും ജയലളിതക്കൊപ്പവും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. വിമത നേതാക്കളായ വികെ ശശികല, ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍ എന്നിവരുമായി അടുത്ത ബന്ധമാണ്. അതില്‍ ദിനകരനും പനീര്‍ശെല്‍വവും ടിവികെയില്‍ ചേരുമെന്ന് വരെ അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെയില്ല.
സെങ്കോട്ടയ്യന്റെ ചുമതല ഈ ജില്ലകളില്‍
ടിവികെയുടെ ഉന്നതാധികാര സമിതിയുടെ ചീഫ് കോഓഡിനേറ്റര്‍, കൊങ്കു മേഖലയിലെ സംഘടനാ സെക്രട്ടറി എന്നീ ചുമതലകളാണ് സെങ്കോട്ടയ്യന് ടിവികെ നല്‍കിയിരിക്കുന്നത്. കോയമ്പത്തൂര്‍, ഈറോഡ്, നീലഗിരി, തിരുപ്പുര്‍ എന്നീ ജില്ലകളിലാണ് സെങ്കോട്ടയ്യന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. ഈ മേഖല അണ്ണാഡിഎംകെയുടെ ഉരുക്കു കോട്ടയാണ്. ഇവിടെ ഇളക്കം തട്ടിക്കാന്‍ സെങ്കോട്ടയ്യന് സാധിച്ചാല്‍ അണ്ണാഡിഎംകെ വീഴും.
അതേസമയം, സെങ്കോട്ടയ്യന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് അണ്ണാഡിഎംകെ നേതൃത്വം കാണുന്നത്. ഡിസംബര്‍ പത്തിന് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുകയാണ് എടപ്പാടി പളനിസ്വാമി. ഉള്‍പ്പോര് അവസാനിപ്പിക്കാനും ഐക്യത്തോടെ നിലയുറപ്പിക്കാനുമാണ് യോഗം. എന്നാല്‍ ഇതിന് മുമ്പ് പലരും അണ്ണാഡിഎംകെ വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്.
എല്ലാ കേഡര്‍മാരുടെ പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുമെന്നാണ് അണ്ണാഡിഎംകെ വക്താവ് കോവയ് സത്യന്‍ പറയുന്നത്. ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണിത്. സെങ്കോട്ടയ്യന് യുവ നേതാക്കളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്ന ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. അതേസമയം, സെങ്കോട്ടയ്യന്‍ ബിജെപിയുടെ സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമാണ് എന്ന് ഡിഎംകെ ആരോപിക്കുന്നു.












Click it and Unblock the Notifications