വിജയ് കരൂരിലേക്ക് വീണ്ടും; പര്യടനം നിര്‍ത്തി, കോടതിയെ സമീപിക്കും, പോലീസ് കുരുങ്ങുമോ?
കരൂരില്‍ ടിവികെ നടത്തിയ പരിപാടിയില്‍ തിക്കും തിരക്കിലും നിരവധി പേര്‍ മരിച്ച സംഭവത്തില്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വതന്ത്രമായ അന്വേഷണം വേണം എന്നാവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പിന്നാലെ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് വിജയുടെ നീക്കം. മാത്രമല്ല, സംസ്ഥാന പര്യടനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും വീതം വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഇരട്ടിയാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ ദുഃഖിതനാണ് എന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. വിശാലമായ സ്ഥലത്ത് പരിപാടി നടത്താന്‍ അനുമതി ചോദിച്ചിട്ടും പോലീസ് നല്‍കിയിരുന്നില്ല. ഇടുങ്ങിയ സ്ഥലങ്ങള്‍ അനുവദിക്കുന്നതിനെ വിജയ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ശനിയാഴ്ച രാത്രിയാണ് കരൂരില്‍ ദുരന്തമുണ്ടായത്. വിജയ് ഉച്ചയ്ക്ക് എത്തുമെന്ന് ടിവികെ അറിയിച്ചിരുന്നു എങ്കിലും ഏഴ് മണിക്കൂര്‍ വൈകി രാത്രിയാണ് എത്തിയത്. ഇത് ദുരന്തത്തിന് കാരണമായി എന്നാണ് ഒരു ആക്ഷേപം. മാത്രമല്ല, വിജയ് എത്തുന്നതിന് മുമ്പ് വൈദ്യുതി നിലച്ചതും തിരക്കിന് കാരണമായി എന്നാണ് പറയപ്പെടുന്നത്. കല്ലേറുണ്ടായതും പോലീസ് ലാത്തി വീശിയതുമെല്ലാം ഗൂഢാലോചന നടന്നതിന് തെളിവായി ടിവികെ കോടതിയെ ബോധിപ്പിക്കും.
വിജയുടെ വാക്കുകള്‍ വൈറല്‍
''വിശാലമായ സ്ഥലങ്ങളും ഗ്രൗണ്ടുകളും പരിപാടി നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ പോലീസ് അനുവദിക്കില്ല. ഇടുങ്ങിയ സ്ഥലങ്ങളാണ് പോലീസ് അനുവദിക്കുന്നത്. എന്താണ് ഇങ്ങനെ'' എന്ന് വിജയ് ചോദിക്കുന്ന കഴിഞ്ഞാഴ്ചയിലെ പ്രസംഗ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഇതെല്ലാം പോലീസിന് കൂടി കുരുക്കാകും. ഈ വേളയിലാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കാന്‍ കാരണം.
കരൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിജയ് ഓണ്‍ലൈന്‍ വഴി ടിവികെ നേതാക്കള്‍, നിയമ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഇന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കരൂരിലേക്ക് വീണ്ടും പോകാന്‍ വിജയ് താല്‍പ്പര്യപ്പെടുന്നുണ്ട്. പോലീസിന്റെ അനുമതി ലഭിച്ചാല്‍ കരൂരിലെത്തും. എന്നാല്‍ ചെന്നൈയിലെ വീടിന് മുന്നില്‍ വലിയ സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്.
കോടതി തീരുമാനത്തിന് ശേഷം
വിജയിയെ അറസ്റ്റ് ചെയ്യണം എന്ന് ചില കോണില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഡിഎംകെ സര്‍ക്കാര്‍ അതിന് തയ്യാറായേക്കില്ല. വിജയിക്ക് അനുകൂല തരംഗമുണ്ടാകാന്‍ ഇത് കാരണമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ടിവികെയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ മാത്രമാകും കേസെടുക്കുക. നിലവിലെ അന്വേഷണം പോലീസിന് സംരക്ഷണമൊരുക്കുന്നതാകുമെന്ന് ടിവികെ കരുതുന്നു.
ഈ സാഹച്യത്തിലാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്. നേരത്തെ വിജയുടെ യാത്രയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരും ആഴ്ചകളിലെ പരിപാടികള്‍ക്ക് അനുമതി ലഭിക്കാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പര്യടനം താല്‍ക്കാലികമായി നിര്‍ത്തുന്നത്. കോടതിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷമാകും തുടര്‍നീക്കം.












Click it and Unblock the Notifications