വിജയ്ക്കെതിരെ പെരമ്പൂരിൽ ഈ നടിയെ മത്സരിപ്പിക്കാൻ ഡിഎംകെ? പൊടിപാറും
നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുളള തയ്യാറെടുപ്പിലാണ് ടിവികെ. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും തങ്ങൾക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ തലവനും നടനുമായ വിജയ് പെരമ്പൂർ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നാണ് വാർത്തകൾ. വിജയ് ഇറങ്ങിയാൽ അദ്ദേഹത്തെ നേരിടാണ് ഒരു നടിയെ ഇറക്കാനാണ് ഡിഎംകെ ആലോചിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടൻ സത്യരാജിൻ്റെ മകളും പ്രമുഖ നടിയുമായ ദിവ്യ സത്യരാജിനെ മത്സരരംഗത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് വാർത്തകൾ.
അടുത്തിടെ വിജയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ താരമാണ് ദിവ്യ സത്യരാജ്. പ്രസംഗങ്ങളിൽ വിജയിക്കെതിരെ താരം ആഞ്ഞടിച്ചിരുന്നു. ഇത്തരത്തിലുള്ള ഇവരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടിയെ അനുകൂലിച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ദിവ്യയെ സ്ഥാനാർത്ഥിയായി ഡി എം കെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്. അതേസമയം ഇത്തരം വാർത്തകളോട് ഡി എം കെ നേതൃത്വമോ ദിവ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, പെരമ്പൂർ പോലുള്ള ഒരു നിർണായക നഗര മണ്ഡലത്തിൽ വിജയ് മത്സരിച്ചാൽ കടുത്ത മത്സരമായിരിക്കും ഡിഎംകെയും കാഴ്ചവെയ്ക്കുകയെന്നാണ് , ഡിഎംകെ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ഡിഎംകെയെ സംബന്ധിച്ചിടത്തോളം, വിജയിക്കെതിരായ സ്ഥാനാർത്ഥി നിർണയം അത്യന്തം നിർണായകമാണ്. നടൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇറങ്ങിയാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നായി ഇത് മാറും. അതുകൊണ്ട് തന്നെ വിജയിയോളും സ്വീകാര്യതയുള്ള ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിവുള്ള ഒരു മുഖത്തെ തന്നെ ഡിഎംകെയ്ക്ക് അവതരിപ്പിക്കേണ്ടി വരും. അതേസമയം പെരമ്പൂർ അല്ലെങ്കിൽ തിരുച്ചി ഈസ്റ്റാണ് വിജയ് മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു മണ്ഡലം. ജ്യോതിഷപരമായ കാര്യങ്ങൾ പരിഗണിച്ച് "വി" എന്ന അക്ഷരത്തിൽ തുടങ്ങുന്ന വിരുദാചലം, വിക്രാവണ്ടി തുടങ്ങിയ മണ്ഡലങ്ങളും പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ട്.
എന്തായാലും എവിടെ മത്സരിക്കുമെന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വിജയ് ഉടൻ തന്നെ നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് മണ്ഡലത്തിലാണെങ്കിലും നടന് വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാനാകുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം.
ഏപ്രിൽ 23 നാണ് തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 4 നാണ് ഫലം വരിക. ഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ അവർക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രീ പോൾ സർവ്വേകൾ പറയുന്നത്. എ ഐ എ ഡി എം കെ ഇത്തവണയും കനത്ത തിരിച്ചടി നേരിടുമെന്നും. അതേസമയം ടിവികെ നിർണായക ശക്തിയായി മാറിയേക്കാമെന്ന പ്രവചനങ്ങളും ഉണ്ട്.












Click it and Unblock the Notifications