വിജയ് മുഖ്യമന്ത്രിയാകും; ഈ ഘട്ടം വന്നാല്‍ സാക്ഷാല്‍ സ്റ്റാലിനും പിന്തുണയ്ക്കും, തമിഴകത്ത് ചര്‍ച്ച
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒരു പക്ഷേ, വെള്ളിയാഴ്ചത്തേക്ക് ചടങ്ങ് മാറ്റുമെന്നും വാര്‍ത്തയുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ സെങ്കോട്ടയ്യന്‍ നിയമസഭയിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. വിജയ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
സിപിഐ, സിപിഎം, വിസികെ എന്നീ പാര്‍ട്ടികളും ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കും. അതിനിടെ അണ്ണാഡിഎംകെയില്‍ ഒരു വിഭാഗം വിജയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ടിവികെ നേതാവ് ആദവ് അര്‍ജുന അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമിയെ വീട്ടിലെത്തി കണ്ടു. ഭരണത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 118 അംഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിക്ക് ഭരണം നടത്താന്‍ സാധിക്കും. വിജയുടെ ടിവികെക്ക് 108 അംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടിടത്ത് വിജയ് ആണ് ജയിച്ചത്. തുടര്‍ന്നാണ് മറ്റു കക്ഷികളുടെ പിന്തുണ തേടിയത്. പിന്തുണയ്ക്കില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. മറ്റു കക്ഷികളെല്ലാം പിന്തുണ നല്‍കും.
ഡിഎംകെ, അണ്ണാഡിഎംകെ സഖ്യത്തിലെ ചെറുപാര്‍ട്ടികളുടെ പിന്തുണ വിജയ് ഉറപ്പിച്ചിട്ടുണ്ട്. അവശ്യഘട്ടം വന്നാല്‍ അണ്ണാഡിഎംകെയിലെ ഒരു വിഭാഗവും പിന്തുണയ്ക്കും. 35 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത് എന്ന് ടിവികെ ഗവര്‍ണറെ അറിയിച്ചു. എന്നാല്‍ വോട്ടിങ് ശതമാനമല്ല, എത്ര അംഗങ്ങളുടെ പിന്തുണയുണ്ട് എന്നതാണ് പ്രധാനം എന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രമുഖ കക്ഷികളും സഹായിച്ചേക്കും
ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്ന നിലയില്‍ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തടസമില്ല. എന്നാല്‍ നിയമസഭയില്‍ വിശ്വാസ വോട്ട്് നേടേണ്ടി വരും. ഈ ഘട്ടത്തില്‍ സഭയില്‍ ഹാജരുള്ള അംഗങ്ങളില്‍ ഭൂരിഭാഗം പേരുടെ പിന്തുണ ലഭിക്കണം. പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ അണ്ണാഡിഎംകെ സഭയില്‍ ഹാജരാകാതെ വിജയിയെ സഹായിച്ചേക്കും.
അണ്ണാഡിഎംകെക്ക് 47 എംഎല്‍എമാരാണുള്ളത്. ഇവര്‍ നടപടികളില്‍ നിന്ന് വിട്ടുനിന്നാല്‍ 176 അംഗങ്ങളാണ് സഭയിലുണ്ടാകുക. ഈ വേളയില്‍ വേഗത്തില്‍ അവിശ്വാസ പ്രമേയം വിജയ്ക്ക് മറികടക്കാന്‍ സാധിക്കും. ഇതേ നീക്കം എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും നടത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. അവിശ്വാസം വിജയിക്കുകയും വിജയ് പുറത്താക്കപ്പെടുകയും ചെയ്താല്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ട്. ഇത് കേന്ദ്രത്തിനും ബിജെപിക്കും തമിഴ്‌നാട്ടില്‍ നേരിട്ട് ഇടപെടാന്‍ വഴിയൊരുക്കും. ഈ സാധ്യത തടയാന്‍ സ്റ്റാലിനും വിജയിയെ പിന്തുണച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. പിന്തുണ ഉറപ്പിക്കാനുള്ള എല്ലാ നീക്കകവും ടിവികെ നടത്തുന്നുണ്ട്. നിരവധി പാര്‍ട്ടികളുടയും അംഗങ്ങളുടെയും പിന്തുണ ഉറപ്പിക്കുകയും ചെയ്തു. അവിശ്വാസ വോട്ടെടുപ്പ് മറികടക്കുക എന്ന കടമ്പയാണ് വിജയ്ക്ക് മുമ്പിലുണ്ടാകുക. അവിടെ അനുകൂലിച്ച് വോട്ട് ചെയ്തും നടപടികളില്‍ നിന്ന് വിട്ടുനിന്നും വിജയിയെ പലരും സഹായിക്കുമെന്നാണ് വിവരങ്ങള്‍.














Click it and Unblock the Notifications