വിജയിയെ ചൂണ്ടി കളികള്‍ നടക്കുന്നു; കോണ്‍ഗ്രസ് ലക്ഷ്യം ഇതാണ്, നടനുമായി സംസാരിച്ചില്ലെന്ന് എടപ്പാടി
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തില്‍ സജീവമായതോടെ തമിഴ്‌നാട്ടില്‍ കര്‍ട്ടന് പിന്നില്‍ ചില കളികള്‍ നടക്കുന്നു എന്ന് റിപ്പോര്‍ട്ട്. വിജയിയെ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ അണ്ണാഡിഎംകെ ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കരൂര്‍ സംഭവത്തിന്റെ മറവില്‍ വിജയിയെ കൂടെ നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസാകട്ടെ, സാഹചര്യം അനുകൂലമാക്കാനുള്ള നീക്കത്തിലുമാണ്.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. കേന്ദ്ര ഏജന്‍സി കരൂരില്‍ എത്തുന്നതിലൂടെ ബിജെപി നേട്ടം കൊയ്യാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസിനും ഡിഎംകെക്കും ആശങ്കയുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയാകാന്‍ നോക്കുന്നത്.

കരൂര്‍ ദുരന്തമുണ്ടായ വേളയില്‍ രാഹുല്‍ ഗാന്ധി ടിവികെ അധ്യക്ഷന്‍ വിജയിയെ ഫോണില്‍ വിളിച്ചിരുന്നു. അല്‍പ്പ നേരം മാത്രമാണ് സംസാരം നീണ്ടതെങ്കിലും ഇത് പാലമിടല്‍ തന്ത്രമായി വിലയിരുത്തുന്നവരുമുണ്ട്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസില്‍ രണ്ടു ചേരികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വിജയിയുമായി സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഒന്ന്. ഡിഎംകെ സഖ്യത്തില്‍ തന്നെ തുടരണം എന്ന നിലപാടുള്ളവരാണ് മറ്റൊന്ന്.
തമിഴ്‌നാട്ടിലെ ഭരണമുന്നണിയിലെ അംഗമാണ് കോണ്‍ഗ്രസ്. ഒരുകാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ ഡിഎംകെക്ക് കീഴില്‍ പ്രവര്‍ത്തിക്കുകയാണ് എന്ന വിമര്‍ശനമുണ്ട്. ഇതിനോട് യോജിക്കുന്ന കോണ്‍ഗ്രസിലെ വിഭാഗമാണ് വിജയുമായി സഖ്യമുണ്ടാക്കണം എന്ന് ആവശ്യപ്പെടുന്നത്. അതുവഴി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നും ഇവര്‍ വാദിക്കുന്നു.
ഉദയനിധിയും എടപ്പാടി പളനിസ്വാമിയും പറയുന്നത്
2014ല്‍ തനിച്ച് മല്‍സരിച്ച വേളയില്‍ കോണ്‍ഗ്രസിന് 4.3 ശതമാനം മാത്രം വോട്ടുകളാണ് കിട്ടിയത്. സംസ്ഥാനത്തുടനീളം സംഘടനാ സംവിധാനമില്ലാത്ത കോണ്‍ഗ്രസും ടിവികെയും ഒന്നിച്ചാല്‍ ഗുണം കിട്ടില്ലെന്നും മറുവിഭാഗവം വാദിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 2021ല്‍ 25 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഈ അവസ്ഥ മാറണം എങ്കില്‍ ഡിഎംകെ സഖ്യത്തില്‍ നിന്ന് പുറത്തുവരണം എന്നും വാദിക്കുന്നവരുണ്ട്.
കോണ്‍ഗ്രസ് സഖ്യം വിടില്ലെന്നാണ് കരുതുന്നത് എന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. എന്നാല്‍, കൂടുതല്‍ സീറ്റുകളും അധികാര പങ്കാളിത്തവും വേണം എന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. മാണികം ടാഗോര്‍, വിജയ് വാസന്ത് എന്നീ എംപിമാര്‍ ഇക്കൂട്ടത്തിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നും സംസ്ഥാനത്തെ നേതാക്കളുടെ വികാരം ഡല്‍ഹിയില്‍ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സെല്‍വപെരുന്തകയ് പറഞ്ഞു.
125 സീറ്റില്‍ മല്‍സരിക്കുമെന്ന് തമിഴ്‌നാടിന്റെ സംഘടനാ ചുമതലയുള്ള ഗിരിഷ് ചോദന്‍കര്‍ പറഞ്ഞു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. 125ല്‍ ജയസാധ്യതയുള്ള സീറ്റില്‍ മല്‍സരിക്കുമെന്നാണ് ഡിഎംകെ സഖ്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തിരുത്തുന്നത്. അതേസമയം, വിജയുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി തള്ളി. ടിവികെ പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. പിഎംകെയുമായി സഖ്യചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.












Click it and Unblock the Notifications