വിജയ് സംഘടനയുടെ പതാക ബിജെപി പരിപാടിയില്‍; വന്‍ ട്വിസ്റ്റ്... ഒടുവില്‍ വിശദീകരണം
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി വിജയ്. അദ്ദേഹത്തിന്റെ ആരാധക സംഘടനയുടെ പതാക ബിജെപിയുടെ പരിപാടിയില്‍ കണ്ടതോടെയാണ് വിവാദം. ഒരുകൂട്ടം ആളുകള്‍ വിജയുടെ പതാക പിടിച്ച് ബിജെപിയുടെ റാലിയില്‍ പങ്കെടുക്കുകയായിരുന്നു. വിജയ് ആര്‍ക്കൊപ്പം എന്നതിന്റെ സൂചനയാണിത് എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി വിജയ് മക്കള്‍ ഇയക്കം രംഗത്തുവന്നു. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചനകള്‍ വന്നിരിക്കെയാണ് വേറിട്ട നടപടിയുണ്ടായിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം സഖ്യം ചേരുമെന്ന് വിജയുമായി ബന്ധമുള്ളവര്‍ ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. എല്ലാ വിഭാഗത്തിന്റെയും ഉന്നമനം എന്ന നിലപാടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് മനസിലായിട്ടുള്ളത്.

പെരിയോര്‍, അംബേദ്കര്‍, കാമരാജ് തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്തക്കളായ നേതാക്കളുടെ പേരുകള്‍ സൂചിപ്പിച്ചാണ് വിജയ് അടുത്തിടെ പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. മതത്തിനും ജാതികള്‍ക്കും അതീതമായി എല്ലാവരെയും ഒന്നായി കണ്ടുള്ള മുന്നേറ്റമാണ് വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെയും മറ്റും പ്രാധാന്യവും അദ്ദേഹം പറഞ്ഞിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി വിജയ് സജീവമാണ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയ 234 നിയമസഭാ മണ്ഡലങ്ങളിലെയും കുട്ടികള്‍ക്ക് വിജയ് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് വൈകീട്ടുള്ള ട്യൂഷന്‍ പ്രോഗ്രാമും വിജയ് മക്കള്‍ ഇയക്കം തുടങ്ങി. നിയമ സഹായം നല്‍കുന്ന പദ്ധതിക്കും വിജയുടെ സംഘടന തുടക്കമിട്ടിട്ടുണ്ട്.
അതിനിടെയാണ് മധുരയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ വിജയ് മക്കള്‍ ഇയക്കത്തിന്റെ പതാക ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നയിക്കുന്ന സംസ്ഥാന ജാഥ മധുരയിലെത്തിയ വേളയിലാണിത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ വിശദീകരണവുമായി വിജയ് മക്കള്‍ ഇയക്കം രംഗത്തുവന്നു. സംഘടനയുടെ പതാക ബിജെപി പരിപാടിയില്‍ ഉയര്‍ന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അവര്‍ അറിയിച്ചു. ഇതില്‍ പതാക പിടിച്ചവര്‍ക്ക് സംഘടനയുമായി ബന്ധമില്ല. സംഘടനയുടെ അറിവോടെയല്ല ഇതെന്നും വിജയ് മക്കള്‍ ഇയക്കം ട്വീറ്റ് ചെയ്തു.
വിജയ് വൈകാതെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ വിജയ് ഇടവേള എടുക്കുമെന്നും ശേഷം രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വിജയ് പ്രതികരിച്ചിട്ടില്ല. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാകും വിജയ് രാഷ്ട്രീയത്തില്‍ സജീവമാകയത്രെ. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോഴത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വാര്‍ത്തകള്‍.












Click it and Unblock the Notifications