കരൂര്‍ ദുരന്തത്തെ ഓര്‍മിപ്പിച്ച് വിജയ്‌യുടെ റാലിയില്‍ വീണ്ടും അപകടം; ഇക്കുറി തഞ്ചാവൂരില്‍: 6 പേര്‍ക്ക് പരിക്ക്
ചെന്നൈ: കരൂര്‍ ദുരന്തത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍, ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തഞ്ചാവൂരില്‍ നടന്ന റാലിക്കിടെയാണ് അപകടം ഉണ്ടായത്. വിജയ്‌യുടെ വാഹനത്തെ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. കോളജ് വിദ്യാര്‍ഥിയായ വിഘ്‌നേഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. മറ്റൊരു യുവാവിന്റെ കാലൊടിഞ്ഞതായും വിവരമുണ്ട്. ഇതുകൂടാതെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തിരുച്ചിറപ്പള്ളി-തഞ്ചാവൂര്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിജയ്‌യുടെ വാഹനത്തിനു പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ഒരുമിച്ച് ഓടിയത്. ഈ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമുണ്ടായത്. എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന കൃത്യമായ കണക്ക് ലഭ്യമല്ല.

അപകടത്തിന്റെ ദൃശ്യങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. പാര്‍ട്ടി നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് നിരവധി പേര്‍ വിജയിയെ അടുത്തു കാണാന്‍ വാഹനത്തിനു പിന്നാലെ ഓടിയത്. ബാരിക്കേഡ് അടക്കം മറിച്ചിട്ടാണ് ആളുകള്‍ ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആളുകളെ പൊലീസ് നിയന്ത്രിച്ചത്.
കരൂര്‍ ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് തഞ്ചാവൂരിലും അപകടം ഉണ്ടായത്. തമിഴ്‌നാടിനെയാകെ നടുക്കിയ ദുരന്തമായിരുന്നു കരൂരില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാതെ വിജയ് പെട്ടെന്ന് മടങ്ങിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം സേലത്ത് നടന്ന റാലിയിലും തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചിരുന്നു. മതിയായ സുരക്ഷ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് പലപ്പോഴും ടിവികെയുടെ റാലികള്‍ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. കൃത്യമായ ഏകോപനം ഇല്ലാതെയാണ് പലയിടത്തും റാലികള്‍ നടത്തുന്നത്. പൊലീസുകാര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധമാണ് ആരാധകര്‍ വിജയിയെ കാണാന്‍ എത്തുന്നത്.
വിജയ്‌യുടെ റാലികള്‍ക്കിടെ അപകടങ്ങള്‍ പതിവാകുന്നുവെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലും തന്നെ പിന്തുടരുതെന്ന് വിജയ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് ആരാധകര്‍ വാഹനത്തിന് പിന്നാലെ ഓടുന്നത്. വിജയ്‌ക്കെതിരെ എതിരാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണവും ഈ സുരക്ഷാപ്രശ്‌നമാണ്.












Click it and Unblock the Notifications