ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ്
തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ആ വിശേഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നവദമ്പതികളുടെ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ഇതോടു കൂടിയാണ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹ ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഹൈദരാബാദില്‍ ആരാധകര്‍ക്കായി പ്രത്യേക സമ്മാനവും ഒരുക്കിയിരുന്നു. ആരാധകര്‍ക്കായി പ്രത്യേക സദ്യയാണ് നവദമ്പതികള്‍ ഒരുക്കിയത്. വിവാഹത്തിന് ഉറ്റവര്‍ക്കു മാത്രമായിരുന്നു ക്ഷണം. അതിനാല്‍ ആരാധകരുമായി നേരിട്ട് സംവദിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇരുവരും ആരാധകരെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് നന്ദി അറിയിച്ചു. പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ചടങ്ങില്‍ മനോഹരമായ പ്രിന്റഡ് സാരി ധരിച്ചാണ് രശ്മിക എത്തിയത്. നീല നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റ് കുര്‍ത്തയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വേഷം. ആരാധകരെ മറക്കാത്ത താരങ്ങളുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരോട് ഇത്രയേറെ സ്‌നേഹം പ്രകടിപ്പിക്കുന്ന താരജോഡികളെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ആരാധകര്‍ കുറിക്കുന്നത്.
ഇന്ന് ഹൈദരാബാദില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമകളിലെ സിനിമാ വ്യവസായത്തിലെ പ്രമുഖര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശം. വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഹൈദരാബാദിലെ ആഡംബര ഹോട്ടലിനു ചുറ്റും ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ പരിപാടിയിലേക്ക് ക്ഷണമുണ്ട്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26-നാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം സംഗീത് ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹശേഷവും പ്രൊഫഷണല്‍ രംഗത്ത് ഇരുവരും സജീവമാണ്. രാഹുല്‍ സങ്കൃത്യന്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് പീരിയഡ് ഡ്രാമയായ 'റാണബാലി'യിലാണ് ഇരുവരും അടുത്തതായി ഒന്നിച്ച് അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 11-ന് ഈ ചിത്രം തീയേറ്ററുകളിലെത്തും.












Click it and Unblock the Notifications