വിജയ്-രശ്മിക വിവാഹം ഉദയ്പൂരില്‍ അല്ല? സസ്പെന്‍സ് പൊളിച്ച് ക്ഷണക്കത്ത്: ക്ഷണമുള്ളത് ആര്‍ക്ക്
തെന്നിന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചടങ്ങാണ് താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ ഏറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു ഘട്ടത്തില്‍ താരങ്ങളുടെ വിവാഹം ഉദയ്പൂരില്‍ നടന്നുവെന്ന് വരെ പ്രചാരങ്ങളുണ്ടായി. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണം കൊടുക്കാതെ ഇരുവരും സസ്‌പെന്‍സ് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ, എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തുവിട്ടിരിക്കുകയാണ് വിജയ് ദേവരകൊണ്ട. വിവാഹ ക്ഷണക്കത്ത് മിന്നല്‍ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതേസമയം, ഈ കത്തിന്റെ ആധികാരികത സംബന്ധിച്ച് ആരും പ്രതികരിച്ചിട്ടില്ല.
വിവാഹത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന വിജയ് ദേവരകൊണ്ട സിനിമാ രംഗത്തെ പ്രമുഖര്‍ക്കായി അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിജയ് ദേവരകൊണ്ട തന്നെ എഴുതുന്ന രീതിയിലുള്ള കത്തില്‍, തന്റെയും രശ്മികയുടെയും പുതിയ ജീവിത യാത്രയിലേക്ക് എല്ലാവരുടെയും അനുഗ്രഹം തേടുന്നുണ്ട്. ക്ഷണക്കത്തിലെ വിവരങ്ങള്‍ പ്രകാരം ഫെബ്രുവരി 26-ന് തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്നത്. വിവാഹത്തിന്റെ വേദി പുറത്തു വിട്ടിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

വിവാഹ വേദി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദയ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചടങ്ങുകള്‍ വളരെ സ്വകാര്യമായിരിക്കുമെന്നും എന്നാല്‍ റിസപ്ഷനില്‍ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു. വിജയ്യുടെ മാനേജറുടെ ഫോണ്‍ നമ്പറും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും പ്രമുഖര്‍ക്കുമായി മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ആഡംബര ഹോട്ടലില്‍ വെച്ച് ആഘോഷപൂര്‍ണ്ണമായ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
2018-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങളിലെ ഈ ജോഡികളുടെ കോമ്പോ ആരാധകരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ സമയം മുതല്‍ ഇരുവരും പ്രണത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പലപ്പോഴും വിദേശ യാത്രകളിലും പാര്‍ട്ടികളിലും ഒന്നിച്ചു കാണപ്പെട്ടെങ്കിലും തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും മറുപടി. അതിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച താരങ്ങളുടെ വ്യാജ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.












Click it and Unblock the Notifications