മുസ്ലിം ലീഗ് നിലപാട് മാറ്റി; ഒടുവില്‍ വിജയ്ക്ക് പിന്തുണ, വിസികെയും, അഭിനന്ദിച്ച് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ച് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ഉറപ്പായി. വിസികെ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഡിഎംകെക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ നിലപാടില്‍ മാറ്റം വരുത്തി.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പിന്തുണ നല്‍കിയതോടെ 116 അംഗങ്ങളുടെ പിന്തുണ വിജയ്ക്ക് ലഭിച്ചിരുന്നു. എങ്കിലും 118 എന്ന കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ല എന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇന്ന് വിസികെക്ക് പിന്നാലെ മുസ്ലിം ലീഗ് കൂടി പിന്തുണച്ചതോടെ വിജയ്ക്ക് 120 എംഎല്‍എമാരുടെ പിന്തുണയായി. ഇനി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാം.

ഈ രണ്ട് പാര്‍ട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഗവര്‍ണറെ കാണാന്‍ ഒരുങ്ങുകയാണ് ടിവികെ. ആറ് മണിക്ക് ഗവര്‍ണറുമായി സംസാരിക്കാനുള്ള സമയം തേടിയിട്ടുണ്ട്. ഇന്നു തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് നീക്കം. നാളെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പാര്‍ട്ടിയുടെ ആസ്ഥാനത്തെത്തി.
വിജയുടെ സര്‍ക്കാരനുള്ള പിന്തുണ ഇങ്ങനെയാണ്
ടിവികെ- 107
കോണ്‍ഗ്രസ്- 5
മുസ്ലിം ലീഗ്- 2
വിസികെ- 2
സിപിഎം- 2
സിപിഐ- 2
വിസികെ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ വിജയ് ഉറപ്പ് നല്‍കാത്തത് കൊണ്ടാണ് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ വിസികെക്ക് വിജയ് നല്‍കിയ ഉറപ്പ് എന്താണ് എന്ന് വ്യക്തമല്ല. എന്തെങ്കിലും പദവികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ചു. ഡിഎംകെ മികച്ച പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്ക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തുടരാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അണ്ണാഡിഎംകെയില്‍ ഒരു വിഭാഗം വിജയിയെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. എടപ്പാടി പളനിസ്വാമിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ചില എംഎല്‍എമാര്‍ പങ്കെടുത്തില്ല. അവര്‍ പ്രത്യേക യോഗം ചേരുകയും ചെയ്തു. സിവി ഷണ്‍മുഖം എംഎല്‍എയുടെ ഓഫീസിലായിരുന്നു ഇവരുടെ യോഗം. പുതിയ സര്‍ക്കാരിനെ എടപ്പാടി പളനിസ്വാമി അഭിനന്ദിച്ചെങ്കിലും ടിവികെയുടെ പേര് സൂചിപ്പിച്ചില്ല.














Click it and Unblock the Notifications