വിജയ് തീരുമാനം മാറ്റി; പിന്തുണച്ചവര്‍ ഉടക്കിയതോടെ ജ്യോതിഷിയെ ഒഴിവാക്കി, ശമ്പളം ഖജനാവിന് ലാഭം
ചെന്നൈ: ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക ഉദ്യോഗസ്ഥനായി നിയമിച്ചത് റദ്ദാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന വിസികെയും ഇടതുപാര്‍ട്ടികളും കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിജയ് നിയമനം റദ്ദാക്കിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും വിജയ് തീരുമാനം മാറ്റാന്‍ കാരണമായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക രാഷ്ട്രീയ നിയമനം എന്ന നിലയിലാണ് ജ്യോല്‍സ്യനെ വിജയ് നിയമിച്ചത്. ശാസ്ത്രം ഇത്രയും പുരോഗമിച്ച കാലത്ത് ഇത്തരം നിയമനങ്ങള്‍ അസംബന്ധമാണ് എന്ന വിമര്‍ശനം ഉന്നയര്‍ന്നു. ജ്യോല്‍സന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കുന്നത് എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യവുമുണ്ടായി.

എത്ര രൂപയാണ് ജ്യോല്‍സന് ശമ്പളമായി നല്‍കുക എന്ന് വ്യക്തമല്ലായിരുന്നു. സാധാരണ ഇത്തരം നിയമനങ്ങള്‍ക്ക് ഐഎഎസ് ഓഫീസര്‍മാരുടെ ശമ്പളമാണ് നല്‍കുന്നത്. ഏകദേശം 80000-1.5 ലക്ഷം രൂപയ്ക്ക് ഇടയിലാകും ശമ്പളം. സര്‍ക്കാരിന്റെ പണം എന്തിന് ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതോടെ വിജയ് തീരുമാനം മാറ്റുകയായിരുന്നു.
വിജയ് സര്‍ക്കാര്‍ ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് തേടിയിരുന്നു. ഇതിന് മുന്നോടിയായി വിസികെ എംഎല്‍എ വാണി അര്‍സു, ശാസ്ത്രീയ കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് ചര്‍ച്ചയായി. അന്ധ വിശ്വാസത്തിനും മറ്റും പ്രാധാന്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജ്യോതിഷത്തിനല്ല, ശാസ്ത്രത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടതെന്നും അര്‍സു പറഞ്ഞു.
സര്‍ക്കാര്‍ എന്തു സന്ദേശമാണ് നല്‍കുന്നത്?
ജ്യോതിഷിയുടെ നിയമനത്തിലൂടെ സര്‍ക്കാര്‍ എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന് പ്രേമലത വിജയകാന്ത് ചോദിച്ചു. നിങ്ങളുടെ ജ്യോതിഷി ആണെങ്കില്‍ വ്യക്തി ജീവിതത്തില്‍ മാത്രം നിലനിര്‍ത്തുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരരുത് എന്ന് പ്രേമലത ചൂണ്ടിക്കാട്ടി. ചുമതലയേറ്റ മുതല്‍ ജനപ്രിയ നടപടികളുമായി മുന്നോട്ട് പോകുന്ന വിജയ്ക്ക് വലിയ തിരിച്ചടിയായി ജ്യോതിഷിയുടെ നിയമനം.
നാല് ദശാബ്ദമായി ജ്യോതിഷവുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് വെട്രിവേല്‍. തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ പലപ്പോഴും കൃത്യമായ പ്രവചനം നടത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. വര്‍ഷങ്ങളോളം ജയലളിതയ്ക്ക് ഉപദേശങ്ങള്‍ നല്‍കിയ വ്യക്തിയാണ് വെട്രിവേല്‍. 2014ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെടും വരെ വെട്രിവേലിന്റെ ഉപദേശം ജയലളിത സ്വീകരിച്ചിരുന്നുവത്രെ. എന്നാല്‍ വിജയ് അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചതാണ് വിവാദമായത്.
അതേസമയം, വിജയ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം നേടി. 144 അംഗങ്ങള്‍ വിജയിയെ പിന്തുണച്ച് വോട്ട് ചെയ്തു. 22 അംഗങ്ങള്‍ എതിര്‍ത്തു. 61 അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കാളികളായില്ല. തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് വിജയ് പറഞ്ഞു.












Click it and Unblock the Notifications