വിമാന ദുരന്തത്തില്‍ ഇരയായി വിജയ് രുപാണിയും; ഗുജറാത്തിന് ഇത് രണ്ടാം അനുഭവം, അന്ന് യുദ്ധത്തിനിടെ
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണിയും. 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. വിജയ് രുപാണിയും മലയാളി യുവതി പത്തനംതിട്ട സ്വദേശിയായ രഞ്ജിതയും ഉള്‍പ്പെടെ ഒരാളൊഴികെ എല്ലാവരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്.
2016 മുതല്‍ 2021 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ബിജെപി നേതാവായിരുന്ന വിജയ് രുപാണി. ലണ്ടിനില്‍ മകളുടെ അടുത്തേക്ക് പോകുകയായിരുന്നു അദ്ദേഹം. ഭാര്യ അഞ്ജലി രുപാണി ലണ്ടനിലാണ്. ഭാര്യയോടൊപ്പം തിരിച്ച് നാട്ടിലേക്ക് വരാനായിരുന്നു തീരുമാനം. ഗുജറാത്തിന്റെ 16ാം മുഖ്യമന്ത്രിയാണ് വിജയ് രുപാണി. 1956 ഓഗസ്റ്റ് രണ്ടിന് ഇന്നത്തെ മ്യാന്മറിലുള്ള റംഗൂണിലാണ് ജനിച്ചത്.

നേരത്തെ രാജ്‌കോട്ട് മേയറായിരുന്നു. രാജ്യസഭാ അംഗവുമായിട്ടുണ്ട്. ഗുജറാത്ത് മന്ത്രിയായ ശേഷമാണ് വിജയ് രുപാണി മുഖ്യമന്ത്രിയായത്. രാജ്‌കോട്ട് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പതിവായി ജയിച്ചിരുന്നത്. മുഖ്യമന്തിയാകും മുമ്പ് ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിരുന്നു. ഗുജറാത്തിന് ഇതിന് മുമ്പും വിമാന ദുരന്തത്തില്‍ മുഖ്യമന്ത്രിയെ നഷ്ടമായിട്ടുണ്ട്.
ഇന്ത്യ പാകിസ്താന്‍ യുദ്ധത്തിനിടെ...
1965 സെപ്തംബര്‍ 19നാണ് ബല്‍വന്ത് റായ് മേത്ത കൊല്ലപ്പെട്ടത്. പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇദ്ദേഹം സഞ്ചരിച്ച വിമാനം തകര്‍ന്നുവീഴുമ്പോള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അറിയപ്പെട്ട ഗാന്ധിയനും സ്വാതന്ത്ര്യ സമര നേതാവുമായ ബല്‍വന്ത് റായ് ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. അഹമ്മദാബാദില്‍ നിന്ന് മിത്താപൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടന്നിരുന്ന കാലമായിരുന്നു അത്. പാകിസ്താന്‍ വ്യോമസേനയുടെ ആക്രമണത്തിലാണ് കച്ച് മേഖലയില്‍ വച്ച് വിമാനം തകര്‍ന്നത്. ബീച്ചിലൂടെ യാത്ര ചെയ്യുന്ന ചെറുവിമാനത്തില്‍ ബല്‍വന്ത് റായിക്കൊപ്പം ഭാര്യ സരോജ്‌ബെന്നും സഹായികളും മാധ്യമപ്രവര്‍ത്തകനും രണ്ട് വിമാന ജീവനക്കാരുമുണ്ടായിരുന്നു.
തെറ്റിദ്ധാരണയുടെ പുറത്ത് വെടിവച്ചതാണ് എന്ന് പാകിസ്താന്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും ഔദ്യോഗികമായി ക്ഷമാപണം നടത്തിയില്ല. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ മറ്റു ചിലരും വിമാന ദുരന്തത്തില്‍ മരിച്ചിട്ടുണ്ട്. 2009ല്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. നല്ലമല കാടുകള്‍ക്ക് മുകളില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
2011ലാണ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോര്‍ജി ഖണ്ഡു ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച കോപ്റ്റര്‍ മലയോര മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. 13700 അടി ദൂരെ ഇദ്ദേഹത്തിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഹിമാലയന്‍ മലമേഖലയിലായിരുന്നു മൃതദേഹം.












Click it and Unblock the Notifications