ഈ ലീഗ് അല്ല ആ ലീഗ്; വിജയിയുടെ ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അല്ല
ചെന്നൈ: ഇളയദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് രംഗത്തെത്തിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തരസെക്രട്ടറി എസ് കെ പ്രഭാവകറിന് കത്ത് നല്‍കിയിരുന്നു. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം.
Recommended Video

എന്നാല്‍ ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന മുസ്ലീം ലീഗ് പാണക്കാട് സാദിഖലി ശിഹാഹ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അംഗങ്ങളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗല്ല. തമിഴ്‌നാട് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2019ല്‍ രൂപീകരിച്ച ഈ പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ് വി എം എസ് മുസ്ഥഫയാണ്.

ടി ടി വി ദിനകരന്‍ നേതൃത്വം നല്‍കുന്ന അമ്മ മക്കള്‍ മുന്നേറ്റ്ര കഴകത്തോട് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് തമിഴ്‌നാട് മുസ്ലീം ലീഗ്. പേരില്‍ സാദൃശ്യമുള്ളത് കൊണ്ട് തന്നെ ചിത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ടത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണെന്ന ചര്‍ച്ചകള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരുന്നു.

തമിഴ്‌നാട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വര്‍ഷങ്ങളായി ഡി എം കെ മുന്നണിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചെന്നാണ് ആരോപണം. ബോംബാക്രമണത്തിലും വെടിവയ്പ്പുകളിലും പിന്നില്‍ ഇസ്ലാം മത വിശ്വാസികള്‍ മാത്രമാണെന്ന തരത്തില്‍ വളച്ചൊടിക്കുന്നത് ഖേദകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബീസ്റ്റ് പ്രദര്‍ശനത്തിന് എത്തിയാല്‍ അസാധാരണ സാഹതര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീസ്റ്റ് എന്ന ചിത്രം കുവൈത്തില്‍ നിരോധിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാസ്റ്ററിന് ശേഷം വിജയ് അഭിനയിച്ച ചിത്രമാണ് ബീസ്റ്റ്. 13ന് ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്‌ലറിലുള്ളത്.

അതേസമയം, ചിത്രം റിലീസ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി താരം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്നാണ് വിജയ് ആരാധകരോട് പറയുന്നത്. വിജയ് മക്കള്‍ ഇയകം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്.

വിജയിയുടെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കി. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ കാരണം മുമ്പ് വിജയ് ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബീസ്റ്റിന്റെ റിലീസിന് മുമ്പ് കാരം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, ബീസ്റ്റിന്റെ റിലീസിന് കുവൈത്ത് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ബീസ്റ്റ് കാണിക്കുന്നുണ്ടെന്നും അതിനാലാണ് ചിത്രത്തിന് കുവൈത്ത് സര്‍ക്കാര്‍ രാജ്യത്ത് അനുമതി നിഷേധിച്ചതെന്നുമാണ് വിവരം.












Click it and Unblock the Notifications