വിജയും സംഗീതയും ഒന്നിക്കും? ഇന്നാണോ പ്രഖ്യാപനം?നടൻ്റെ പിറന്നൾ ദിനത്തിലെ 'സർപ്രൈസ്'കാത്ത് ആരാധകർ
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ 52ാം പിറന്നാൾ ആണ് ഇന്ന്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള താരത്തിൻ്റെ ആദ്യ പിറന്നാൾ അദ്ദേഹത്തിൻ്റെ ആരാധകരും ടിവികെ പ്രവർത്തകരുമെല്ലാം വലിയ ആഘോഷമാക്കുന്നുണ്ട്. ടിവികെയുടെ നേതൃത്വത്തിൽ പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവുമെല്ലാം ആസൂത്രണം ചെയ്തിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിജയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിജയുടെ ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നാണ് മോദി കുറിച്ചത്.തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി തന്റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്നാണ് കമൽഹാസൻ എക്സിൽ കുറിച്ചത്.

നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഇന്ന് വിജയ് സർക്കാരിൻ്റെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ മറ്റൊരു പ്രഖ്യാപനം കൂടി ആരാധകർ കാത്തിരിക്കുന്നുണ്ട്. വിജയിയുടെ പിറന്നാൾ ദിനത്തിൽ വിജയും സംഗീതയും വീണ്ടും ഒന്നിച്ചേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉയർന്നിരുന്നു.
അതുണ്ടാകുമോയെന്നതാണ് ആകാംക്ഷ.
ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ സൗഹൃദ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. പ്രശ്നപരിഹാരത്തിനായി അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടുവെന്നാണ് വാർത്തകൾ.അമ്മ ഇടപെട്ടതോടെ ലണ്ടനിൽ താമസിച്ചിരുന്ന സംഗീത അടുത്തിടെ ചെന്നൈയിലെ നീലാംകരെയിലുള്ള വിജയിയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയതായും വിജയ്‌ക്കൊപ്പമാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംഗീതയോ വിജയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
എന്താണ് വിജയ്ക്കും സംഗീതയ്ക്കുമിടയിൽ സംഭവിച്ചത്?
1999 ഓഗസ്റ്റിലാണ് വിജയിയും സംഗീതയും വിവാഹിതരായത്. ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത ലണ്ടനിലാണ് വളർന്നത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. വിജയിയുടെ സിനിമയിലെ ഉയർച്ചകളിലെല്ലാം സംഗീതയുടെ പിന്തുണ ഉണ്ടായിരുന്നു.താരത്തിൻ്റെ സിനിമകളുടെ വിജയാഘോഷങ്ങളിലെല്ലാം സംഗീത സജീവ സാന്നിധ്യമായി ഉണ്ടാകാറും ഉണ്ട്.
വിജയ് തൻ്റെ രാഷ്ട്രീയ യാത്ര തുടങ്ങിയത് മുതൽ പക്ഷെ സംഗീതയെ വിജയ്ക്കൊപ്പം ആരാധകർ കണ്ടിട്ടില്ല. ടിവികെയുടെ രാഷ്ട്രീയ പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സംഗീതയുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് വിജയ്ക്കെതിരെ വിവാഹമോചന ഹർജിയുമായി സംഗീത നീങ്ങുന്നത്.
മറ്റൊരു നടിയുമായി ബന്ധം
നടന് മറ്റൊരു നടിയുമായി അടുത്ത ബന്ധമുണ്ടെന്നും വിലക്കിയിട്ടും തുടർന്നുവെന്നുമാണ് സംഗീതയുടെ ഹർജിയിലെ പ്രധാന ആരോപണം. തൃഷയെ ആണ് സംഗീത ഉദ്ദേശിക്കുന്നതെന്ന തരത്തിൽ ഇതോടെ അഭ്യൂഹങ്ങൾ ശക്തമായി.
നടി കീർത്തി സുരേഷിൻ്റെ വിവാഹത്തിൽ തൃഷയും വിജയിയും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായത്. പിന്നീട് പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. സംഗീത വിവാഹമോചന ഹർജി നൽകിയതിന് തൊട്ടടുത്ത ദിവസവും ആരാധകരെ ഞെട്ടിച്ച് കൊണ്ട് തൃഷയും വിജയിയും ഒരു വിവാഹ ചടങ്ങിന് ഒന്നിച്ചെത്തിയിരുന്നു.മാത്രമല്ല ഈ വിവാദങ്ങൾക്കെല്ലാം ഇടയിൽ വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിലും തൃഷയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
വിവാഹമോചന കേസ് ആഗസ്റ്റിൽ
ചെങ്കൽപ്പെട്ടിലെ കുടുംബ കോടതിയിലാണ് വിവാഹമോചന കേസ് സംഗീത ഫയൽ ചെയ്തത്. നേരിട്ടു ഹാജരാകുന്നതിനു പകരം വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് വിജയും സംഗീതയും അഭ്യർത്ഥിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല.തുടർന്ന് കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റിയിരിക്കുകയാണ് കോടതി.അതേസമയം കേസ് വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം സംഗീത ഉയർത്തിയിട്ടില്ല. ഇരുവരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിലാണ് ഇതെന്നാണ് ആരാധകർ കരുതുന്നത്.












Click it and Unblock the Notifications