പേടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച് വിജയ് ശേഖർ ശർമ്മ
മുംബൈ: പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവെച്ച് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. തുടര്‍ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാണ്ടി റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രാജി.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 15 നകം ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിലെ കൂടുതൽ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവ നിർത്തിവെക്കാൻ കമ്പനിക്ക് റിസർവ്വ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ശേഖർ രാജിവെച്ചുവെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചത്. അതേസമയം പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തന്നെ തുടരും. പുതിയ ചെയർമാനെ ഉടൻ തന്നെ നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം വിജയ് ശേഖര്‍ ശര്‍മയുടെ രാജിക്കൊപ്പം തന്നെ പേടിഎം പേമെന്റ്‌സ് ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍മാരെ പുനഃസംഘടിപ്പിച്ചു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധരർ, വിരമിച്ച ഐഎഎസ് ഓഫീസര്‍ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ് സിബൽ എന്നിവരെയാണ് ഡയറക്ടർമാരാക്കി നിയമിച്ചത്. ഇവരെക്കൂടാതെ ബോർഡിൽ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൻ്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദ് കുമാർ ജെയിനും പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗളയും ഡയറക്ടർ ബോർഡിൽ ഉണ്ട്.
അതേസമയം തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ആകാനും നാലോ അഞ്ചോ ബാങ്കുകൾക്ക് സേവന ദാതാക്കളായി പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്നുമുളള പേടിഎമ്മിന്റെ ആവശ്യം പരിഗണിക്കാൻ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് (എൻപിസിഐ) ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയുമായി പേടിഎം സഹകരിച്ചേക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ആദ്യം ആക്സിസ് ബാങ്കുമായിട്ടായിരിക്കും ചർച്ചകൾ എന്നാണ് വിവരം. ബാങ്കിൻ്റെ സാങ്കേതികവിദ്യയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാൻ എൻപിസിഐ ഒരു മാസത്തെ സമയമെടുക്കുമെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം പേടിഎമ്മുമായുള്ള ഇടപാടുകൾ ആർ ബി ഈ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ നടപ്പാക്കൂവെന്ന് യെസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ നേരത്തേ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications