വിജയ് തന്ത്രംമാറ്റി; 10 പോലീസുകാരുടെ സമിതി തയ്യാര്‍, മുന്‍ ഐജി നയിക്കും, തമിഴ്‌നാട്ടില്‍ വ്യത്യസ്ത നീക്കം
തമിഴ്‌നാട് ഇതുവരെ കണ്ട രാഷ്ട്രീയ നീക്കങ്ങളല്ല നടന്‍ വിജയ് നടത്തുന്നത്. അടുത്ത ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് വലിയ ഒരുക്കം നടത്തുകയാണ് തമിഴക വെട്രി കഴകം (ടിവികെ). രാഷ്ട്രീയത്തില്‍ അത്ര സുപരിചതരല്ലാത്ത സംഘവുമായിട്ടാണ് വിജയ് പ്രയാണം തുടങ്ങിയത്. അതുകൊണ്ടുതന്നെ വീഴ്ചകള്‍ സംഭവിക്കുകയും ചെയ്തു.
ഓരോ വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് വിജയ്. കരൂര്‍ ദുരന്തത്തിന് കാരണം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല, നിരവധി കേസുകള്‍ വരികയും പാര്‍ട്ടിയുടെ നേതാക്കള്‍ കൂട്ടത്തോടെ ഒളിവില്‍ പോകുന്ന സാഹചര്യവുമുണ്ടായി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിജയ് മറ്റൊരു നീക്കം നടത്തിയിരിക്കകുയാണ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിയമപരമായ ഉപദേശങ്ങള്‍ ആവശ്യമാണ് എന്ന് വിജയ് മനസിലാക്കുന്നു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമപരമായ ഉപദേശങ്ങള്‍ തേടിയ വിജയ്, പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇക്കാര്യം ഓണ്‍ലൈന്‍ വഴി പങ്കുവച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന നിര്‍ദേശം അന്നു നില്‍കിയിരുന്നു.
കരൂര്‍ ദുരന്തത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങളെ ചെന്നൈയിലെത്തിച്ച് വിജയ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ടിവികെയുടെ നേതാവ് ബസി ആനന്ദ് മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിക്കാന്‍ ധാരണയായത്. വലിയ രാഷ്ട്രീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഈ പോലീസുകാരുടെ സമിതി നിര്‍ദേശിക്കും.
മുന്‍ ഐജി രവികുമാര്‍ നയിക്കുന്ന സംഘത്തിലുള്ളത്
ഇന്ന് പോലീസുകാരുടെ സമിതി ടിവികെ രൂപീകരിച്ചു. മുന്‍ ഐജി രവികുമാര്‍ ആണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍ കമ്മീഷണര്‍ അശോകന്‍, മുന്‍ ഡിവൈഎസ്പിമാരായ ഷാഫിബുല്ല, ശിവലിംഗം എന്നിവരുള്‍പ്പെടെ ഈ സമിതിയിലുണ്ട്. മൊത്തം പത്ത് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത് എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ടിവികെ കൂടുതല്‍ രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കും. കൂറ്റന്‍ സമ്മേളനങ്ങളും പദ്ധതിയിലുണ്ട്. അതുകൊണ്ടുതന്നെ ഈ പോലീസുകാരുടെ സമിതി നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാകും സമ്മേളനങ്ങള്‍. സമ്മേളന സ്ഥലത്ത് എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം, വിജയ് കടന്നുപോകുന്ന വഴിയില്‍ സ്വീകരിക്കേണ്ട സുരക്ഷാ കാര്യങ്ങള്‍, സമ്മേളനം കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പാര്‍ക്കിങ്, സ്ത്രീ സുരക്ഷ തുടങ്ങിയ എല്ലാം ഈ സമിതിയാണ് ഇനി ശ്രദ്ധിക്കുക.
നവംബര്‍ അഞ്ചിന് ടിവികെ ജനറല്‍ അസംബ്ലി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം വിജയ് തന്റെ സംസ്ഥാനതല പര്യടനം പുനരാരംഭിക്കും. മറ്റു പാര്‍ട്ടികളും സമാനമായ യാത്ര നടത്താന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്ക് മാര്‍ഗരേഖ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വിജയുടെ പോലീസ് സംഘത്തിന്റെ രൂപീകരണം.












Click it and Unblock the Notifications