വിജയ് കേരളവും ലക്ഷ്യമിടുന്നോ? അതിര്‍ത്തി ജില്ലകളില്‍ നേട്ടമുണ്ടായേക്കും, പനീര്‍ശെല്‍വം മാറുമോ
കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഡിഎംകെ, അണ്ണാഡിഎംകെ സഖ്യത്തിന് പുറമെ ഇത്തവണ ശക്തമായ സാന്നിധ്യമായി വിജയ് നയിക്കുന്ന ടിവികെയുമുണ്ട്. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് വിജയ്ക്ക് കൈ കൊടുത്തേക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നടത്തുന്ന നീക്കങ്ങളും എഐസിസി സെക്രട്ടറി പ്രവീണ്‍ ചക്രവര്‍ത്തി വിജയിയെ കണ്ടതുമെല്ലാം ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ്-ടിവികെ സഖ്യം നിലവില്‍ വന്നാല്‍ പ്രതിഫലനം കേരള രാഷ്ട്രീയത്തിലുമുണ്ടാകുമെന്നാണ് ഇരുപാര്‍ട്ടികളും കരുതുന്നത്. വിജയ്ക്ക് നിരവധി ആരാധകരുള്ള സംസ്ഥാനമാണ് കേരളം. മാത്രമല്ല, വിജയ് ആരാധകരുടെ കൂട്ടായ്മ കേരളത്തിലും സജീവമാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇത് ഇരുപാര്‍ട്ടികള്‍ക്കും നേട്ടമായേക്കും.

ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലയാണ് തേനി. ഇവിടെയുള്ള നാല് മണ്ഡലങ്ങളില്‍ മൂന്നിലും ഡിഎംകെയാണ് ജയിച്ചത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളെല്ലാം കേരളത്തില്‍ വിരുദ്ധ ചേരിയില്‍ ആണെങ്കിലും തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന സഖ്യത്തിലാണ്. ഇവിടെ നിന്നാണ് കോണ്‍ഗ്രസ് മറ്റൊരു വഴിയില്‍ യാത്ര ചെയ്യാന്‍ ആലോചിക്കുന്നത്.
തേനിയിലെ ബോഡിനായ്ക്കന്നൂര്‍, കമ്പം നിയമസഭാ മണ്ഡലങ്ങള്‍ ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ബോഡിനായ്ക്കന്നൂരില്‍ ഒ പനീര്‍ശെല്‍വമാണ് 2021ല്‍ ജയിച്ചത്. നിലവില്‍ അണ്ണാഡിഎംകെ നേതൃത്വവുമായി ഉടക്കി നില്‍ക്കുകയാണ് പനീര്‍ശെല്‍വം. മുന്‍ മുഖ്യമന്ത്രിയായ ഇദ്ദേഹത്തെ അകറ്റിയാണ് എടപ്പാടി പളനിസ്വാമിയുടെ നീക്കങ്ങള്‍.
പനീര്‍ശെല്‍വം ടിവികെ സഖ്യത്തില്‍ എത്തിയാല്‍
എടപ്പാടി പളനിസ്വാമിയും ബിജെപിയും കൈകോര്‍ത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. പനീര്‍ശെല്‍വത്തെയും ടിടിവി ദിനകരനെയും കൂടെ കൂട്ടരുത് എന്നാണ് എടപ്പാടി പളനിസ്വാമി ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്ന് ബിജെപി പറയുന്നു. അതിനിടെ പനീര്‍ശെല്‍വം ടിവികെ സഖ്യത്തിലേക്ക് മാറിയേക്കുമെന്നും പ്രചാരണമുണ്ട്.
കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന മണ്ഡലമാണ് ബോഡിനായ്ക്കന്നൂര്‍. കഴിഞ്ഞ തവണ ഡിഎംകെ മണ്ഡലം ഏറ്റെടുത്തു. എന്നിട്ടും പനീര്‍ശെല്‍വം ജയിച്ചു. ടിവികെ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് മാറിയാല്‍ ഈ മണ്ഡലത്തില്‍ ത്രികോണ മല്‍സരം നടക്കും. പനീര്‍ശെല്‍വം കൂടി ടിവികെ സഖ്യത്തിലേക്ക് വന്നാല്‍ ആര് മല്‍സരിക്കുമെന്ന കാര്യത്തില്‍ പിടിവലിയാകും.
ടിവികെ നയിക്കുന്ന സഖ്യത്തിലേക്ക് മാറിയാല്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടുമെന്നാണ് സഖ്യത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചത്. കേരളത്തിലും പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് ഇവര്‍ പറയുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം വിളിച്ചിരുന്നു. അതേസമയം, ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ നിന്ന് പിന്മാറുന്നത് ആത്മഹത്യാപരമാണ് എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.












Click it and Unblock the Notifications