ജയലളിതയുടെ പോയസ് ഗാർഡനിലെ കോടികളുടെ വീട് വാങ്ങാൻ വിജയുടെ നീക്കം, പിന്നിൽ ഇക്കാര്യം
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് നിലവിലെ മുഖ്യമന്ത്രി വിജയ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. എക്കാലത്തും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നിട്ടുളള പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീടാണ് വിജയ് വാങ്ങാനൊരുങ്ങുന്നത്. ഏകദേശം 350 കോടി രൂപ കൊടുത്ത് വീട് വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ദിവസവും രാവിലെ പത്ത് മണിയോടെ വിജയ് സെക്രട്ടേറിയറ്റില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന ചെന്നൈയിലെ നീലാങ്കരയിലെ വിജയുടെ വീട്ടില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് 17 കിലോമീറ്ററോളം ദൂരമുണ്ട്. എന്നാല്‍ പോയസ് ഗാര്‍ഡന്‍ താരതമ്യേനെ അടുത്താണ് എന്നതാണ് വിജയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് വിവരം.

യാത്രാ ദൂരം കുറയ്ക്കാന്‍ ആദ്യം മറ്റൊരു മുന്‍ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി താമസിച്ചിരുന്ന വീട് അടക്കമുളള സാധ്യതകളും വിജയ് പരിശോധിച്ചിരുന്നു. നിരവധി ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ജയലളിതയുടെ വീട്ടിലേക്ക് കാര്യങ്ങളെത്തുന്നത്. നിലവില്‍ ജയലളിതയുടെ സഹോദരന്റെ മകളായ ദീപയ്ക്കാണ് വേദനിലയമെന്ന വീടിന്റെ അവകാശം. ദീപയുമായി വില അടക്കമുളള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് സൂചന.
സെക്രട്ടേറിയറ്റിലേക്കുളള യാത്രാദൂരം മാത്രമല്ല, രാവിലെ മുഖ്യമന്ത്രിയുടെ നിരവധി അകമ്പടി വാഹനങ്ങളുമായി 17 കിലോമീറ്റർ ദൂരം സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് അടക്കമുളള വിഷയങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. പോയസ് ഗാർഡനിലെ വീട് ജയലളിത ജീവിച്ചിരിക്കുമ്പോഴും മരിച്ചതിന് ശേഷവും നിരവധി രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്ത് അടക്കം നിരവധി പ്രമുഖർ താമസിക്കുന്ന മേഖലയാണ് പോയസ് ഗാർഡൻ എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications