അണ്ണാഡിഎംകെയുടെ കോട്ടയിൽ കയറി അടിക്കാൻ വിജയ്, കന്നിയങ്കത്തിന് എംജിആറിന്റെ മണ്ഡലം?
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഇക്കുറി തമിഴ്‌നാട്ടില്‍ കളമൊരുങ്ങുന്നത് ശക്തമായ ഒരു ത്രികോണ പോരാട്ടത്തിനാണ്. ഡിഎംകെയും അണ്ണാഡിഎംകെയും നേര്‍ക്ക് നേര്‍ പൊരുതിയിരുന്ന ഇടത്തേക്കാണ് മൂന്നാമനായി നടന്‍ വിജയുടെ തമിഴക വെട്രി കഴകം-ടിവികെ എത്തുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വിജയുടെ വരവ് എന്ത് മാറ്റമാണ് വരുത്തുക എന്നത് കാത്തിരുന്ന് തന്നെ കാണണം.
സിനിമാ താരങ്ങളെ ദൈവതുല്യരായി പോലും ആരാധിക്കുന്ന സംസ്‌ക്കാരമാണ് വര്‍ഷങ്ങളായി തമിഴ്‌നാട്ടുകാര്‍ക്ക്. സിനിമയിലെ ആരാധകബലം കൈമുതലാക്കി രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിമാരായി മാറിയവര്‍ ആ നാട്ടിലുണ്ട്. വിജയ് മുന്നില്‍ കാണുന്നതും ആ വഴി തന്നെയാണ്. വിജയ്ക്ക് ഇപ്പോള്‍ തമിഴ്‌നാട്ടിലുളള ആരാധക ബാഹുല്യം നോക്കിയാല്‍ അതില്‍ അതിശയോക്തിയും ഇല്ല.

യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം വിജയിക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെ വലിയ പിന്തുണ ടിവികെ പ്രതീക്ഷിക്കുന്നുമുണ്ട്. നഗര മേഖലകളില്‍ ഇത് ടിവികെയ്ക്ക് വലിയ മുന്നേറ്റം നല്‍കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയ് നേരിട്ട് മത്സരരംഗത്ത് ഇറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യം, എവിടെ നിന്ന് മത്സരിക്കും എന്നതാണ്.
തീരദേശ മണ്ഡലമായ രാമനാഥപുരം ആയിരിക്കും കന്നിമത്സരത്തിനായി വിജയ് തിരഞ്ഞെടുത്തേക്കുക എന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ പലപ്പോഴും വിജയ് ശക്തമായി ഉയര്‍ത്തുന്നത് ഈ അഭ്യൂഹം ശക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ടിവികെ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന പ്രകാരം അണ്ണാ ഡിഎംകെയുടെ കോട്ടയായ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നായിരിക്കും വിജയ് മത്സരിച്ചേക്കുക.
മധുര വെസ്റ്റില്‍ ടിവികെ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല വിജയ് മത്സരിക്കുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് വിജയിക്കുമെന്നും അവകാശപ്പെടുന്ന പോസ്റ്ററുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുളള മണ്ഡലമായ മധുര വെസ്റ്റില്‍ കഴിഞ്ഞ മൂന്ന് തവണയായി തുടര്‍ച്ചയായി വിജയിച്ച് പോരുന്നത് അണ്ണാഡിഎംകെ നേതാവായ സെല്ലൂര്‍ കെ രാജു ആണ്.
മധുര വെസ്റ്റ് മണ്ഡലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് അണ്ണാഡിഎംകെയ്ക്ക് കുറച്ച് വൈകാരികം കൂടിയുമാണ്. തമിഴ്‌നാടിന്റെ ഐതിഹാസികനായ നേതാവ് എംജിആര്‍ 1980ല്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് മധുര വെസ്റ്റ്. ഈ മണ്ഡലം തന്നെ കന്നിയങ്കത്തിന് വിജയ് തിരഞ്ഞെടുക്കുന്നതിന് അതും ഒരു കാരണമാണെന്ന് വേണം കരുതാന്‍. അടുത്തിടെ വിജയ് മധുര സന്ദര്‍ശനം നടത്തുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്.












Click it and Unblock the Notifications