വിജയ്-തൃഷ ഒരുമിച്ച് വിവാഹ ചടങ്ങില്‍; സംഗീതയുടെ ഡിവോഴ്‌സ് ഹര്‍ജിക്കിടെ വീഡിയോ വൈറല്‍
നടൻ വിജയിയും തൃഷയും ചെന്നൈയിൽ ഒരു വിവാഹ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് സിനിമാ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ചെന്നൈ തിരുവാൺമിയൂരിലെ പ്രൊഡ്യൂസർ കൽപ്പാത്തി എസ്. സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാര ചടങ്ങിലാണ് വിജയിയും തൃഷയും പങ്കെടുത്തത്. ഇവർ ഒരേ കാറിലാണ് ചടങ്ങിനെത്തിയത്. കൂടാതെ വേദിയിൽ വച്ച് വധൂവരന്മാർക്കൊപ്പം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമായി.

ദിവസങ്ങള്‍ക്ക് മുമ്പ് വിജയിനെതിരെ അദ്ദേഹത്തിൻ്റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയിരുന്നു. 1999-ൽ വിവാഹിതരായ ഇവർ 27 വർഷത്തെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഒരു നടിയുമായി വിജയിക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നെ അവഗണിച്ചുവെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. വിജയിയുടെ സാമൂഹിക നിലവാരത്തിനും വരുമാനത്തിനും അനുസരിച്ച് സ്ഥിരമായ ജീവനാംശം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹർജി ഏപ്രിൽ 20ന് പരിഗണിക്കും
തമിഴ് സിനിമാ ലോകത്തെ ഒരു നടിയുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾ വിജയുടെ ആരാധകർക്കിടയിലും വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. സംഗീതയുടെ ഹർജി ഏപ്രിൽ 20-ന് കോടതി പരിഗണിക്കും. അന്ന് ഇരു വിഭാഗവും കോടതിയിൽ ഹാജരാകണം. ആവശ്യമെങ്കിൽ ആ നടിയുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സംഗീത അറിയിച്ചിട്ടുണ്ട്.
വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലോ ടിവി ചർച്ചകളിലോ അഭിപ്രായം പറയരുതെന്ന് തമിഴക വെട്രി കഴകം നേതൃത്വം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഗീതയെ പിന്തുണച്ച് ആളുകൾ രംഗത്തെത്തിയാൽ അത് വിജയിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും അവർക്കുണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുന്നത് സംഗീത അനുഭാവത്തിൻ്റെ പ്രതിരൂപമായി മാറുന്നത് തടയാനും കൂടിയാണ്. കൂടാതെ, സംഗീതയുമായി രമ്യതയിലെത്താൻ വിജയിയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ജീവനാംശമായി 250 കോടി രൂപ നല്‍കാമെന്ന് വിജയ് വാഗ്ദാനം നല്‍കി എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇതിനിടെയാണ് വിജയിയും തൃഷയും വിവാഹ ചടങ്ങിന് ഒരുമിച്ചെത്തിയിരിക്കുന്നത്.












Click it and Unblock the Notifications