'തൃഷയെ വിട്ട് പുറത്തുവരൂ', വെട്ടിലായി ബിജെപി, വിജയ് വിമര്‍ശനം പരിധി വിട്ടു, കടുപ്പിച്ച് ഡിഎംകെ
ചെന്നൈ: സേലത്ത് വിജയ് നയിക്കുന്ന ടിവികെ സംഘടിപ്പിച്ച പൊതുസമ്മേളനം തമിഴ്‌നാട്ടില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വിജയ്ക്ക് രാഷ്ട്രീയ പരിചയം കുറവാണെന്ന് വിമര്‍ശിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ വാക്കുകള്‍ പരിധി വിട്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിജയ് സ്വന്തം കുടുംബത്തെ ശ്രദ്ധിക്കണമെന്നും നടി തൃഷയെ വിട്ട് പുറത്തുവരണം എന്നുമായിരുന്നു നാഗേന്ദ്രന്റെ വാക്കുകള്‍.
വിജയ്-തൃഷ താരങ്ങളെ ബന്ധിപ്പിച്ച് പല ഗോസിപ്പുകളും തമിഴ് സിനിമാ മേഖലയിലുണ്ട്. ഇരുവരും പ്രണയത്തിലാണ്, രഹസ്യമായി വിവാഹം ചെയ്തു തുടങ്ങി പല രീതിയിലാണ് പ്രചാരണം. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ തമിഴില്‍ സൂപ്പര്‍ ഹിറ്റുകളാണ്. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരുമിച്ച് എത്തിയതും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.

ഈ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കവെയാണ് വിജയ്-തൃഷ എന്നിവരെ ബന്ധിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഷ്ട്രീയ വിഷയത്തില്‍ മറുപടി നല്‍കിയത്. ഇതിനെതിരെ ശക്തമായി രംഗത്തുവന്നത് ഡിഎംകെ എംപിമാരാണ് എന്നതാണ് എടുത്തു പറയേണ്ടത്. രാഷ്ട്രീയ വേദികളില്‍ വിജയ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് ഡിഎംകെയെ ആണ് എന്നത് മറ്റൊരു കാര്യം.
ഡിഎംകെ എംപിമാരുടെ പ്രതികരണം
ഡിഎംകെയുടെ വനിതാ എംപിമാരായ കനിമൊഴി സോമു, തമിഴചി തങ്കപാണ്ഡ്യന്‍ എന്നിവര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രംഗത്തെത്തി. മാന്യമായ സമൂഹത്തില്‍ ഉപയോഗിക്കാന്‍ പറ്റാത്ത പദപ്രയോഗമാണ് ബിജെപി അധ്യക്ഷന്‍ നടത്തിയത് എന്ന് കനിമൊഴി വിമര്‍ശിച്ചു. ബിജെപിയിലെ വനിതാ നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. രാഷ്ട്രീയ ചിത്രത്തിലില്ലാത്ത നടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ആരുടെയും വ്യക്തി ജീവിതം രാഷ്ട്രീയ മറുപടിക്കുള്ള വിഷയമാക്കരുത് എന്നും കനിമൊഴി പറഞ്ഞു.
തമിഴ്‌നാട് ബിജെപി അധ്യക്ഷന് യോജിക്കാത്ത വാക്കുകളാണ് ഇത് എന്ന് തമിഴചി തങ്കപാണ്ഡ്യന്‍ പ്രതികരിച്ചു. സ്ത്രീകളെ മോശമാക്കി പറയുന്നത് ശരിയല്ല. പൗരസമൂഹം സ്ത്രീകളോട് മാന്യമായി പെരുമാറുകയും ആദരിക്കുകയുമാണ് വേണ്ടത്. അല്ലാതെ രാഷ്ട്രീയ വിവാദത്തിലേക്ക് സ്ത്രീകളെ കൂടി ചേര്‍ത്തു പറയുന്നത് ശരിയല്ലെന്നും തമിഴചി വിമര്‍ശിച്ചു.
അതേസമയം, രാഷ്ട്രീയ പരിചയമില്ല എന്ന വിമര്‍ശനത്തിന് ശക്തമായ മറുപടിയാണ് വിജയ് നല്‍കിയത്. തന്റെ പാര്‍ട്ടിക്ക് രാഷ്ട്രീയ പരിചയം കുറവായിരിക്കാം. എന്നാല്‍ ഖജനാവ് കൊള്ളയടിക്കുന്ന പരിചയം ഇല്ല. തന്റെ പരിചയം ചോദിക്കാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നും വിജയ് ചോദിച്ചു. വനിതകള്‍ക്ക് 5000 രൂപ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്ന് വിജയ് പരോക്ഷമായി കുറ്റപ്പെടുത്തി. ഇപ്പോഴാണോ ആദ്യമായി വേനല്‍ വരുന്നത് എന്നായിരുന്നു വേനല്‍ ബത്ത സംബന്ധിച്ച് വിജയുടെ പ്രതികരണം.












Click it and Unblock the Notifications