വിജയ് അപേക്ഷ ക്ഷണിച്ചു; 234 മണ്ഡലങ്ങളിലും പോര് കനക്കും, ഒടുവില്‍ അണ്ണാഡിഎംകെയും തുടങ്ങി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ശ്രമം തുടങ്ങി. 234 നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എല്ലാ മണ്ഡലത്തില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ട്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ല എന്ന് കൂടി വ്യക്തമാക്കുന്നതാണ് ടിവികെയുടെ നീക്കം.
ഫെബ്രുവരി ആറ് മുതല്‍ 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എത്ര പേര്‍ക്ക് വേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മൂന്നംഗങ്ങളുടെ പട്ടിക തയ്യാറാക്കും. ഇതില്‍ നിന്ന് ഒരാളെ തീരുമാനിക്കുകയാണ് ചെയ്യുക. ഓരോ അപേക്ഷകന്റെയും രാഷ്ട്രീയ-വികസന കാഴ്ചപ്പാടുകള്‍ പാര്‍ട്ടി നേതൃത്വം വിലയിരുത്തിയ ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

ഫെബ്രുവരി 14നകം പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കണം എന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അറിയിച്ചിട്ടുള്ളത്. അതേസമയം, തമിഴ്‌നാടിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ ടിവികെ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. അവിടെ സ്ഥാനാര്‍ഥികളുടെ അപേക്ഷ ക്ഷണിച്ചിട്ടില്ല. വിജയ്ക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് പുതുച്ചേരി. അതുകൊണ്ടുതന്നെ അവിടെ മല്‍സരിച്ചേക്കും.
നേരത്തെ ഡിഎംകെയെ മാത്രമാണ് വിജയ് വിമര്‍ശിച്ചിരുന്നത്. അണ്ണാഡിഎംകെയുമായി സഹകരണ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന് ഇത് ഇടയാക്കിയിരുന്നു. എന്നാല്‍ സഖ്യനീക്കങ്ങള്‍ പരാജയപ്പെട്ടതോടെ ടിവികെയും അണ്ണാഡിഎംകെയും പരസ്പരം വിമര്‍ശിക്കുന്നുണ്ട്. എംജിആറിന്റെ കാലത്തെ അണ്ണഡിഎംകെ അല്ല ഇപ്പോഴുള്ളത് എന്ന് വിജയ് പറയുന്നു. കരൂര്‍ ദുരന്തമുണ്ടായപ്പോള്‍ മൗനം പാലിച്ച വ്യക്തിയാണ് വിജയ് എന്ന് എടപ്പാടി പളനിസ്വാമിയും വിമര്‍ശിച്ചു.
കോണ്‍ഗ്രസില്ല, ഡിഎംഡികെ വരുമോ
ഇനി വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടിയുടെ നിലപാടാണ് അറിയേണ്ടത്. ഇവര്‍ ടിവികെയുമായി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡിഎംഡികെ മുഖ്യമന്ത്രി സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയുമായി സഖ്യമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതത്രെ. സീറ്റ് ചര്‍ച്ചയില്‍ വഴിമുട്ടി നില്‍ക്കുകയാണ് കാര്യങ്ങള്‍. 20 സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടത്. ആറ് സീറ്റ് നല്‍കാമെന്ന് ഡിഎംകെ അറിയിച്ചെങ്കിലും ധാരണയായിട്ടില്ല.
കോണ്‍ഗ്രസ് ടിവികെയുമായി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡിഎംകെ സഖ്യത്തില്‍ തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെയാണ് വിജയ് തനിച്ച് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിജയ്ക്ക് എത്രത്തോളം വോട്ട് പിടിക്കാന്‍ സാധിക്കുമെന്നത് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അതിന് അനുസരിച്ചാകും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി.
വലിയ തോതില്‍ ടിവികെ വോട്ട് പിടിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നിരവധി പാര്‍ട്ടികള്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാകും. അതേസമയം, ഭരണം പിടിക്കുമെന്നാണ് വിജയ് പറയുന്നത്. എംജിആര്‍ പാര്‍ട്ടി തുടങ്ങിയ വേളയില്‍ തനിച്ചായിരുന്നു എന്നും ഡിഎംകെ നേതാക്കള്‍ അന്നു എംജിആറിന്റെ രാഷ്ട്രീയ പരിചയം ചോദ്യം ചെയ്തിരുന്നു എന്നും വിജയ് ഓര്‍മിപ്പിക്കുന്നു. അടുത്ത ടിവികെ സമ്മേളനം സേലത്ത് നടത്താനാണ് വിജയുടെ പദ്ധതി.












Click it and Unblock the Notifications